മലപ്പുറം: ഡൽഹി നിസാമുദ്ദീന്‍ മർക്കസിലുണ്ടായ സംഭവം നിർഭാഗ്യകരമാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി. അനുമതി വാങ്ങിയാണ് മാർച്ച് 13ന് യോഗം ചേർന്നിട്ടുള്ളത്. ഈ സമയത്ത് നിരോധനം നിലവിലിലുണ്ടായിരുന്നില്ല. ഡൽഹിയിലാകട്ടെ പാർലമെന്‍റ് സമ്മേളനമുൾപ്പെടെ നടന്നുവരികയായിരുന്നു. സർക്കാരിന്‍റെ ഈ സമീപനം രാഹുൽ ഗാന്ധിയടക്കമുള്ളവർ പാർലമെന്‍റില്‍ ചോദ്യം ചെയ്‌തതുമാണ്. പക്ഷേ സർക്കാർ ഗൗരവകരമായ നടപടികളൊന്നും തന്നെ സ്വീകരിച്ചില്ല. അതുകഴിഞ്ഞ് ഒരാഴ്‌ചക്ക് ശേഷമാണ് പ്രധാനമന്ത്രി ജനതാ കർഫ്യൂവും ലോക്ക് ഡൗണും പ്രഖ്യാപിച്ചത്.
എല്ലാ വർഷവും നടക്കുന്ന അന്തർ ദേശീയസമ്മേളനമെന്ന നിലയിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. പക്ഷേ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള രോഗവ്യാപനം തടയാൻ സർക്കാർ സ്വീകരിച്ച നടപടികളെ നാം പിന്തുണക്കണം. സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്തുന്നതിന് സ്വയം മുന്നോട്ടുവന്ന് അധികൃതരുമായി സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് 19 രോഗവ്യാപനം തടയുന്നതിന്‍റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന പ്രതിരോധ നടപടികളുമായി എല്ലാവരും സഹകരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഇതിന്‍റെ ഗൗരവം ചൂണ്ടിക്കാട്ടി സംസ്ഥാന- ജില്ലാ- യൂണിറ്റ് കമ്മിറ്റികൾക്ക് അടിയന്തര സന്ദേശം നൽകിയിട്ടുണ്ട്. ആളുകൾ കൂടുന്ന മതപരമായ ഒരു പരിപാടിയും എവിടെയും നടത്തരുത്. സർക്കാര്‍ നിർദേശങ്ങൾ കര്‍ശനമായി പാലിക്കണം. എവിടെയെങ്കിലും അനധികൃതമായി ആളുകൾ കൂടുന്നുണ്ടെങ്കിൽ ബന്ധപ്പെട്ട സർക്കാരുകളെ വിവരമറിയിച്ച് വേണ്ട നടപടികളെടുക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.