മലപ്പുറം: കെ.ടി ജലീൽ രാജിവെക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. ശിവശങ്കരൻ, ജയരാജൻ എന്നിവർക്കൊക്കെ ബാധകമായ നിയമം ജലീലിന് ബാധകമല്ലേയെന്ന് മുഖ്യമന്ത്രി പറയണം. വിഷയം ചെറിയ സംഭവമല്ല. പാർട്ടിയും സർക്കാരും രാജിവെക്കണം. ഇത്രയധികം വിവാദങ്ങൾ വന്നിട്ടും അധികാരത്തിൽ ഇരിക്കുന്നത് ശരിയല്ല. സർക്കാരും പാർട്ടിയും ഈ വിഷയത്തിൽ നിലപാട് കേരള ജനതയോട് പറയണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സിപിഎമ്മിന് ജീർണത സംഭവിക്കുന്നു. യുഎപിഎ ചുമത്തി നിരപരാധികളെ ജയിലിൽ അടച്ചു. മന്ത്രിമാർ ആരും സാധാരണ രഹസ്യമായി ചോദ്യം ചെയ്യലിന് വിധേയമാകാറില്ല. സർക്കാർ വാഹനം മാറ്റി സ്വകാര്യ വാഹനത്തിൽ പോയത് പ്രോട്ടോക്കോൾ ലംഘനമാണെന്നും പൊലീസിനെ പോലും മന്ത്രി ഇക്കാര്യം അറിയിച്ചില്ലെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. നിലപാടുകളിൽ നിന്ന് പുറകോട്ട് പോകുകയാണ് സർക്കാർ. പരസ്‌പരം ബന്ധമില്ലാതെയാണ് മന്ത്രി സംസാരിക്കുന്നത്. ആറ് മാസം കഴിഞ്ഞാൽ ജനങ്ങളുടെ പ്രതികരണം വരും. വ്യത്യസ്‌ത മന്ത്രിമാർക്ക് വ്യത്യസ്‌തമായ നിലപാട് സ്വീകരിക്കുന്നത് ജനങ്ങൾ അംഗീകരിക്കില്ലെന്നും കെ.ടി ജലീൽ പ്രതികരിക്കാത്തത് മറച്ചുവെക്കാനുള്ളത് കൊണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.