മലപ്പുറം: ഹത്രാസ് കൂട്ടബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യാൻ പോയതിനിടെ ഉത്തര്‍പ്രദേശ് പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ച പത്രപ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പന് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാന്‍ ഇടപെടണമെന്നഭ്യര്‍ഥിച്ച് പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻവി രമണയ്‌ക്കും പികെ കുഞ്ഞാലിക്കുട്ടിയുടെ കത്ത്.
കെയുഡബ്ല്യുജെ നേതാവ് കൂടിയായ സിദ്ദിഖ് കാപ്പന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. നിലവില്‍ കൊവിഡ് ബാധിതനായി അദ്ദേഹം മഥുര മെഡിക്കല്‍ കോളജിലാണുള്ളത്. നാല് ദിവസമായി ഭക്ഷണം പോലും നിഷേധിച്ച് കൈകള്‍ക്ക് ചങ്ങലയിട്ടിരിക്കുകയാണന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വ്വഹിക്കാനാവാത്ത സ്ഥിതിയാണ് അദ്ദേഹത്തിനുള്ളത്. ഡല്‍ഹിയിലെ എയിംസിലേക്ക് അദ്ദേഹത്തെ മാറ്റാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
കൂടുതൽ വായനയ്‌ക്ക്: യുപിയില്‍ തടവിലുള്ള മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് കൊവിഡ്
ഇതേ ആവശ്യമുന്നയിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ക്കും വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പികെ കുഞ്ഞാലിക്കുട്ടി കത്തെഴുതിയിട്ടുണ്ട്. 2020 ഒക്‌ടോബർ അഞ്ചിനാണ് ഹത്രാസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്.
കൂടുതൽ വായനയ്‌ക്ക്: സിദ്ദീഖ് കാപ്പന്‍റെ ഹർജി ഉടന്‍ പരിഗണിക്കണം: ചീഫ് ജസ്റ്റിസിന് കത്തെഴുതി കെ സുധാകരൻ