മലപ്പുറം : PMA Salam Against Pinarayi Vijayan : മോദിയേക്കാൾ കൂടുതൽ സംഘപരിവാർ പ്രീണനം നടത്തുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. കണ്ണൂരിൽ മുഖ്യമന്ത്രി പങ്കെടുത്ത പാർട്ടി ജില്ല സമ്മേളനത്തിന് ആയിരങ്ങളാണ് എത്തിയത്. എത്രപേർക്കെതിരെ കേസെടുത്തെന്ന് അറിയില്ലെന്നും പിഎംഎ സലാം പറഞ്ഞു.
144 നിലനിൽക്കുന്ന തലശേരിയിൽ ആർഎസ്എസുകാർ പ്രകടനം നടത്തുകയും ഒത്തുകൂടുകയും ചെയ്‌തു. പക്ഷെ കേസെടുത്തിട്ടില്ല. പരാതി കിട്ടിയിട്ടില്ല എന്നാണ് പൊലീസ് പറഞ്ഞത്.
ലീഗിന്‍റെ ശക്തി കണ്ട് വെപ്രാളപ്പെട്ടിട്ട് കാര്യമില്ല. കടപ്പുറത്ത് കൂടിയ ജനങ്ങളെ കണ്ടാൽ ആർക്കായാലും വിറളിപിടിക്കും. പക്ഷെ മുഖ്യമന്ത്രിയാകുമ്പോൾ കുറച്ച് പക്വത കാണിക്കണ്ടേ, അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയമായി നേരിടാൻ കഴിഞ്ഞില്ലെങ്കിൽ, നിങ്ങൾക്ക് വേണ്ടത് ചെയ്തോളൂ, 10,000 പേരുടെ പേരിൽ കേസെടുത്തു എന്നാണ് പറയുന്നത്. കണ്ടാലറിയുന്ന പത്ത് പേർക്കും കണ്ടാലറിയാത്ത മറ്റുള്ളവർക്കും എതിരെയാണ് കേസ്.
പതിനായിരം പേരും പൊലീസ് സ്‌റ്റേഷനിൽ പോകാനും കോടതിയിൽ പോകാനും ജയിലിൽ പോകാനും തയ്യാറാണ്. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചുവെന്ന കുറ്റമാണെങ്കിൽ കഴിഞ്ഞ ദിവസം കോഴിക്കോട് മുതലക്കുളം മൈതാനത്ത് ഡിവൈഎഫ്ഐ സമ്മേളനം നടന്നിരുന്നു. 200 ലധികം പേർ പങ്കെടുത്തു. പക്ഷേ കേസെടുത്തില്ല.
എന്നാൽ കോഴിക്കോട് കടപ്പുറത്തെ ലീഗിന്‍റെ പരിപാടിയില്‍ സ്വമേധയാ കേസെടുത്തുവെന്നാണ് അറിയാൻ കഴിഞ്ഞത്. ലീഗിന് മാത്രം എതിരെ എന്തിനാണ് കേസെടുക്കുന്നത്, അതുകൊണ്ടാണ് മോദിയേക്കാൾ കൂടുതൽ സംഘപരിവാർ പ്രീണനം നടത്തുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്ന് തങ്ങൾ ആരോപിക്കുന്നതെന്നും പിഎംഎ സലാം മലപ്പുറത്ത് പറഞ്ഞു.