മലപ്പുറം: വളർത്തുനായയെ ബൈക്കിന് പിന്നിൽ കെട്ടിവലിച്ച സംഭവത്തില്‍ ഉടമസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. എടക്കര കരുനെച്ചി സ്വദേശി സേവ്യർ(40)നെതിരെയാണ് എടക്കര പൊലീസ് കേസെടുത്തത്. 1960-ലെ മൃഗസംരക്ഷണ നിയമപ്രകാരം സെക്ഷന്‍ 34 സെക്ഷൻ 35 എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നായയുടെ കഴുത്തിൽ കയർ കെട്ടി സ്‌കൂട്ടറിൻ്റെ പിറകില്‍ കെട്ടിവലിക്കുകയായിരുന്നു.
കൂടുതല്‍ വായനയ്ക്ക്: വീണ്ടും കണ്ണില്ലാത്ത ക്രൂരത ; വളർത്തുനായയെ ബൈക്കിൽ കെട്ടിവലിച്ച് ഉടമ
ബൈക്കിൻ്റെ പിറകിൽ ഓടിയ നായ തളർന്ന് വീണിട്ടും ക്രൂരത തുടർന്നതായി നാട്ടുകാർ പറഞ്ഞു. പെരുങ്കളം മുതൽ മുസ്ല്യാരങ്ങാടി വരെ മൂന്ന് കിലോമീറ്ററോളം ദൂരമാണ് നായയെ കെട്ടിവലിച്ചത്. പിന്നാലെ ബൈക്കിലെത്തിയ ഉമ്മര്‍ വളപ്പന്‍ എന്ന യുവാവ് പലതവണ ആവശ്യപ്പെട്ടിട്ടും സ്‌കൂട്ടര്‍ നിര്‍ത്തിയില്ല. ഒടുവില്‍ കാട്ടിപ്പടിയില്‍ വച്ച് ബൈക്ക് സ്‌കൂട്ടറിന് മുന്‍പില്‍ വിലങ്ങിട്ട് ഉമ്മര്‍ ഇയാളെ തടഞ്ഞു. സ്‌കൂട്ടര്‍ നിര്‍ത്തിയതോടെ നാട്ടുകാരും ഓടിക്കൂടിയപ്പോള്‍ ഇയാള്‍ നായയെ കെട്ടഴിച്ച് വിടുകയായിരുന്നു. അവശനായി കിടന്ന നായയെ നാട്ടുകാര്‍ തട്ടിയുണര്‍ത്തിയപ്പോള്‍ കൊടും ക്രൂരത കാട്ടിയ യജമാനനൊപ്പം വാലാട്ടി നായ പോകുകയും ചെയ്തു. ഉമ്മര്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് പൊലിസ് അന്വേഷണമാരംഭിച്ചത്
സംഭവം വിവാദമായതോടെ വീട് പൂട്ടി പോയ യുവാവിനെ പൊലീസെത്തി തിരികെ വിളിപ്പിച്ചു. രാത്രി ഏഴ് മണിയോടെ എമർജൻസി ഫയർ ആൻ്റ് റസ്ക്യൂ ടീമെത്തി നായയുടെ മുറിവുള്ള ഭാഗത്ത് മരുന്ന് വെച്ച് നിലമ്പൂരിലേക്ക് കൊണ്ടുപോയി.