മലപ്പുറം: മലപ്പുറം അരീക്കോട് താലൂക്ക് ആശുപത്രിയിൽ സർക്കാർ ആംബുലൻസ് ഉണ്ടായിട്ടും കൃത്യസമയത്ത് ആംബുലൻസ് കിട്ടാതെ രോഗികൾ വലയുന്നു. കഴിഞ്ഞ രണ്ട് ദിവസമായി അരീക്കോട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ മൂന്ന് പേരെ ആംബുലൻസ് ഉണ്ടായിട്ടും ആബുലൻസ് കിട്ടാതെ സ്വകാര്യ ആംബുലൻസുകൾ വിളിച്ചാണ് മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയത്. താലൂക്കാശുപത്രിയിൽ 108ആംബുലൻസിന് പുറമേ മറ്റൊരു ആംബുലൻസും ഇതിൽ ഒരു ഡ്രൈവറും ഇവിടെ നിലവിലുണ്ട്. എന്നിട്ടും ഇവിടെ എത്തുന്ന പാവപ്പെട്ട നിർധനരായ രോഗികളെ കൊണ്ടുപോകാൻ ആശുപത്രിയിലെ ആംബുലൻസ് സൗകര്യം ലഭിക്കുന്നില്ല എന്ന പരാതിയുമായാണ് നിരവധിപേർ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം ആശുപത്രിയിൽ ആംബുലൻസ് സമയത്തിനു ലഭിക്കാതെ രോഗി മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
എന്നാൽ രോഗി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് രോഗിയുടെ ബന്ധുക്കൾ ഇതുവരെ പരാതിയുമായി രംഗത്ത് എത്തിയിട്ടുമില്ല. അതേസമയം നാട്ടുകാരും സാമൂഹ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവരും ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർക്കും ആശുപത്രിക്കുമെതിരെ ഗുരുതര ആരോപണവുമായി ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രോഗി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസറെ വിളിച്ച് നാട്ടുകാർ വിവരം അറിയിച്ചിരുന്നു. രോഗികൾക്ക് ആശുപത്രിയിൽ നിന്നും ആംബുലൻസ് കിട്ടാത്ത അവസ്ഥ ഇനിമുതൽ ഉണ്ടാകരുതെന്നും ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ള ആളുകൾ സംഭവത്തിൽ ഇടപെട്ട് ഉടനടി അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.