മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വോട്ടെണ്ണൽ ദിനം എല്ലാവരും ജാഗ്രത പുലർത്തണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. അധികൃതർ നടപ്പിൽ വരുത്തിയ എല്ലാ നിയന്ത്രണങ്ങളുമായും ആത്മാർത്ഥമായി സഹകരിക്കേണ്ടത് നാടിന്റെയും ജനങ്ങളുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും അനിവാര്യമാണ്. കൊവിഡിന്റെ രണ്ടാം തരംഗം അതീവ ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത് . ഇതിനെതിരായ പ്രതിരോധത്തിൽ ഓരോ വ്യക്തിയും കുടുംബവും സമർപ്പണ സന്നദ്ധരാവണമെന്നും ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.
Read More:മലപ്പുറത്ത് 55 പഞ്ചായത്തുകളിൽ മെയ് 14 വരെ നിരോധനാജ്ഞ
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്നുള്ള ആഹ്ളാദവും അഭിപ്രായങ്ങളും കൃതജ്ഞതയുമെല്ലാം പ്രകടിപ്പിക്കാൻ സാമൂഹ്യ മാധ്യങ്ങളും മറ്റും ഉപയോഗിക്കണം. സൈബർ ഇടങ്ങളിലും അങ്ങേയറ്റം സൂക്ഷ്മത പുലർത്തണം. ആരുടെയും വ്യക്തിത്വത്തെയും അഭിമാനത്തെയും ഹനിക്കുന്ന തരത്തിലോ സൗഹൃദ അന്തരീക്ഷത്തിന് ഹാനികരമാകുന്ന വിധത്തിലോ അഭിപ്രായ പ്രകടനങ്ങളോ പദപ്രയോഗങ്ങളോ ഉണ്ടാകരുതെന്നും തങ്ങൾ അഭ്യര്‍ഥിച്ചു.