മലപ്പുറം: ഈന്തപ്പനകള്‍ വിളഞ്ഞുനില്‍ക്കുന്നത് കാണാന്‍ കടല്‍ കടക്കണമെന്നില്ല. തമിഴാനാട് വീരാളിചോളത്ത് എത്തിയാല്‍ മതി. പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി സാജിദ് തങ്ങളുടെ 52 ഏക്കര്‍ ഭുമിയിലാണ് ഈന്തപനകള്‍ വിളഞ്ഞ് കൗതുകമാകുന്നത്.
പഠിച്ചത് ബി ടെക് കംപ്യൂട്ടര്‍ സയന്‍സ് ആണെങ്കിലും സാജിദ് തങ്ങൾ എത്തിയത് കാര്‍ഷിക മേഖലയിലാണ്. അന്യം നിന്ന് പോകുന്നതും വ്യത്യസ്തമായതുമായവ കൃഷി ചെയ്യുന്നതിലൂടെയാണ് പുതുതലമുറ കര്‍ഷകര്‍ക്കിടയില്‍ സാജിദ് വേറിട്ടു നില്‍ക്കുന്നത്. കേരളത്തില്‍ ഭൂമി ലഭിക്കാന്‍ മുടക്കേണ്ടതിന്‍റെ അല്‍പം മാത്രം മതി തമിഴ്‌നാട്ടില്‍ ഭൂമി ലഭിക്കാന്‍ എന്നതാണ് സാജിദിനെ അവിടേക്കെത്തിച്ചത്.
തമിഴ്‌നാട്ടിലെ മധുരയില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെ രാമനാഥപുരം ജില്ലയിലെ വീരാളിചോളന്‍ ഗ്രാമത്തിലാണ് ഈന്തപ്പന അടക്കമുളള വ്യത്യസ്തമായ ഫലവൃക്ഷങ്ങളടങ്ങിയ തോട്ടമുളളത്. ജൈവ വളം ഉപയോഗിച്ചാണ് കൃഷി നടത്തുന്നത്.
അറേബ്യന്‍ നാടുകളിലേതു പോലുളള കാലാവസ്ഥയായതിനാല്‍ ഈന്തപ്പനകളുടെ വളര്‍ച്ചിയിലും വിളവിലും ആശങ്കയില്ല. ഇറാഖില്‍ നിന്നുളള ബര്‍ഹി ഈന്തപ്പനയാണ് സാജിദിന്‍റെ തോട്ടത്തിൽ കൂടുതലുളളത്. സംസ്‌കരിക്കാതെ പച്ചയ്ക്ക് തന്നെ തിന്നാവുന്നതാണ് ബര്‍ഹി ഈന്തപ്പഴം
മെയ്, ജൂണ്‍, ജൂലായ് മാസങ്ങളിലാണ് വിളവെടുപ്പ്. ഒരു മരത്തില്‍ നിന്ന് 300 മുതല്‍ 600 കിലോ വരെ ഈന്തപ്പഴം ലഭിക്കുമെന്നാണ് സാജിദ് പറയുന്നത്. മാര്‍ക്കറ്റില്‍ കിലോക്ക് 250 രൂപയാണ് വില. ഇപ്രാവശ്യം 5000 കിലോ വരെ വിളവ് ലഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാജിദ് പറയുന്നു.