മലപ്പുറം: പരപ്പനങ്ങാടി-തിരൂരങ്ങാടി പാതയിലെ പുതിയ പാലത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. പാലത്തിന്‍റെ 60 ശതമാനത്തോളം നിര്‍മാണം പൂർത്തിയായിട്ടുണ്ട്. കടലുണ്ടി പുഴക്ക് കുറുകെ സ്ലാബ് നിർമാണവും പാലത്തിങ്ങൽ ഭാഗത്ത് അപ്രോച്ച് റോഡിനുള്ള സ്ഥലമെടുപ്പും കഴിഞ്ഞാൽ നിർമാണം പൂർത്തിയാകും. സ്ഥലമെടുപ്പിന് മുന്നോടിയായി റീ സര്‍വേ നടത്താനുണ്ട്. ഇത് പൂർത്തിയായാൽ ആറ് മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാമെന്നാണ് അധികൃതർ പറയുന്നത്.
ഡിസ്ട്രിക്ട് ഫ്ലാഗ്ഷിപ്പ് ഇൻഫ്രാസ്ട്രക്‌ചര്‍ പ്രൊജക്ടിൽ ഉൾപ്പെടുത്തിയാണ് നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ച 450 കോടി രൂപയിൽ നിന്ന് 14.5 കോടി രൂപ വിനിയോഗിച്ച് പാലം നിര്‍മാണം തുടങ്ങിയത്. 2018 ഏപ്രിൽ നാലിന് പാലം നിർമാണ പ്രവൃത്തി തുടങ്ങിയെങ്കിലും രണ്ട് തവണ ഉണ്ടായ പ്രളയം നിർമാണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് പദ്ധതി നിർവഹണ ചുമതല. 2017 നവംബർ ഇരുപത്തിയാറിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനാണ് പാലത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്.