മലപ്പുറം: പുതിയ വൈസ് ചാൻസലറെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് കാലിക്കറ്റ് ക്യാമ്പസിൽ സത്യഗ്രഹത്തിനൊരുങ്ങി പി. അബ്ദുൾ ഹമീദ് എംഎൽഎ . സത്യഗ്രഹ സമരം ജൂലായ് ഒന്നിന് ആരംഭിക്കും. വി. സി നിയമനം നടത്തുന്നതിൽ അധികൃതർ അലംഭാവം കാട്ടുന്നുവെന്ന് ആരോപിച്ചാണ് സെനറ്റ് മെമ്പർ കൂടിയായ അബ്ദുൽ ഹമീദ് എംഎൽഎ സർവകലാശാലക്ക് മുന്നിൽ സത്യഗ്രഹമിരിക്കുന്നത്. വള്ളിക്കുന്ന് മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സത്യഗ്രഹം.
ഉന്നത വിദ്യാഭ്യാസ രംഗം കുത്തഴിഞ്ഞ് പോവുകയാണെന്നും സർവകലാശാലയിൽ വൈസ് ചാൻസിലറെ നിയമിക്കാത്തതിനാൽ നാഥനില്ലാതായി മാറിയിരിക്കുകയാണെന്നും എംഎൽഎ ആരോപിച്ചു. എട്ട് മാസത്തോളമായി കാലിക്കറ്റിൽ സ്ഥിരം വൈസ് ചാൻസലറില്ല. വിസിയെ നിശ്ചയിക്കുന്നതിനുള്ള പാനൽ ബന്ധപ്പെട്ട വിവരങ്ങൾ ഗവർണർക്ക് സമർപ്പിച്ചിട്ടും അന്തിമ തീരുമാനത്തിലെത്താൻ ഇത് വരെ സാധിച്ചിട്ടില്ല. വഴിവിട്ട നിയമനവും അഴിമതിയും ധൂർത്തും സ്ഥിരമായി മാറിയിരിരിക്കുകയാണെന്നും എംഎൽഎ കുറ്റപ്പെടുത്തി. രാവിലെ 10ന് സർവകലാശാലയുടെ പ്രധാന കവാടത്തിന് മുന്നിലാണ് സത്യഗ്രഹമിരിക്കുകയെന്ന് എംഎൽഎ അറിയിച്ചു.