മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ശീല വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് പിടിയില്‍. പാങ് പൊന്നാരംപള്ളിയാലിൽ ഐവാൻ വീട്ടിൽ പ്രമോദാണ് കൊളത്തൂര്‍ പൊലീസിന്‍റെ പിടിയിലായത്. ഓപ്പറേഷന്‍ പി ഹണ്ടിലൂടെ ഇന്‍സ്‌പെക്ടര്‍ പിഎം ഷമീറാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ശീല വീഡിയോ വ്യാപകമായി പ്രചരിക്കുന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ് നടത്തിയത്.
ഓപ്പറേഷന്‍റെ ഭാഗമായി നിരീക്ഷണത്തിലുണ്ടായിരുന്ന നാല് പേരുടെ മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇവ ഫോറന്‍സിക് പരിശോധനകള്‍ക്ക് അയക്കുമെന്നും തെളിവ് കണ്ടെത്തിയാല്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ശീല വീഡിയോ, ഫോട്ടോകള്‍ സ്വീകരിക്കുന്നതും പങ്കുവെക്കുന്നതും ഇലക്ട്രോണിക് ഉപകരണങ്ങളില്‍ സംഭരിച്ച് വയ്‌ക്കുന്നതും ഇത്തരം വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതും കുറ്റകരമാണ്.
പ്രതിക്കെതിരെ വിവര സാങ്കേതിക നിയമപ്രകാരവും പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.