മലപ്പുറം: വിജിലന്‍സിന്‍റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ സ്റ്റോണ്‍ വാള്‍ എന്ന പേരില്‍ ക്വാറികളില്‍ നിന്ന് ലോഡ് കയറ്റി വരികയായിരുന്ന വാഹനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. കാരത്തോട്, പുളിക്കല്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലാണ് ഇന്നലെ പുലര്‍ച്ചെ മുതല്‍ വിജിലന്‍സ് വിഭാഗം പരിശോധന നടത്തിയത്. പരിശോധനയില്‍ വാഹനങ്ങളിൽ അനുമതി നല്‍കിയതിനേക്കാള്‍ കൂടുതല്‍ അളവില്‍ ഭാരം കയറ്റിയത് കണ്ടെത്തി. സര്‍ക്കാരിന് റോയല്‍റ്റി ഇനത്തില്‍ ലഭിക്കേണ്ട വരുമാനമാണ് ഇത്തരം നിയമവിരുദ്ധമായ പ്രവർത്തനങ്ങളിലൂടെ നഷ്ടമാകുന്നത്.
ആവശ്യമായ പാസില്ലാത്തതിനും അമിതഭാരം കയറ്റിയതിനും പിടികൂടിയ വാഹനങ്ങള്‍ തുടര്‍ നടപടിക്കായി മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിനും ആര്‍ടിഒ വകുപ്പിനും കൈമാറി. 20 വാഹനങ്ങളാണ് അമിതമായി ഭാരം കയറ്റിയതായി കണ്ടെത്തിയത്. ഇതിൽ അഞ്ച് വാഹനങ്ങള്‍ക്ക് പാസുമില്ല. ഇന്‍റർ സ്റ്റേറ്റ് പെര്‍മിറ്റില്ലാത്ത അന്യ സംസ്ഥാന വാഹനം ആര്‍ടിഒ സീസ് ചെയ്‌തു. നാലര ലക്ഷം രൂപ പിഴയടക്കാന്‍ വാഹന ഉടമകള്‍ക്ക് വിജിലന്‍സ് നോട്ടീസ് നല്‍കി. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളിലും സംഘം പരിശോധന നടത്തി. ഇത് സംബന്ധിച്ച് വിജിലന്‍സ് ഡയറക്‌ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. മലപ്പുറം വിജിലന്‍സ് ഡിവൈഎസ്‌പി കെപി സുരേഷ് ബാബു കാരാത്തോടും ഇന്‍സ്‌പെക്ടര്‍ എം ഗംഗാധരന്‍ പെരിന്തല്‍മണ്ണയിലും സി യൂസുഫ് പുളിക്കലിലുമാണ് പരിശോധന നടത്തിയത്.