മലപ്പുറം: ആതുരസേവന രംഗത്ത് മികവ് നേടിയ ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഓപ്പൺ ജിംനേഷ്യത്തിന്‍റെ നിർമാണം തുടങ്ങി. ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് ഓപ്പൺ ജിം സ്ഥാപിക്കുന്നതെന്ന് മെഡിക്കൽ ഓഫീസര്‍ ഡോ. ടി.എൻ അനൂപ് പറഞ്ഞു. ജീവിതശൈലി രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇവയെ തടയിടുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഓപ്പൺ ജിംനേഷ്യം സ്ഥാപിക്കുന്നത്. ആരോഗ്യ വകുപ്പിന്‍റെ പ്ലാൻ ഫണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിൽ ചാലിയാർ ഉൾപ്പെടെ കോട്ടക്കൽ, അത്താണിക്കൽ, കലക്ട്രേറ്റ്, ചോക്കാട് തുടങ്ങി സ്ഥലങ്ങളിലാണ് പദ്ധതിക്ക് ആദ്യഘട്ടത്തിൽ അനുമതിയായത്.
പണി പൂർത്തീകരിക്കുന്ന മുറക്ക് ആശുപത്രി വികസന സമിതിയുടെ മേൽനോട്ടത്തിൽ പൊതുജനങ്ങൾക്കായി ജിംനേഷ്യം തുറന്നുകൊടുക്കും. ഒരേ സമയം അഞ്ച് പേർക്ക് വ്യായാമം ചെയ്യുന്ന രീതിയിലാണ് ക്രമീകരിക്കുന്നത്. ചാലിയാർ പഞ്ചായത്ത് ഭരണസമിതിയുടെയും ആരോഗ്യ വകുപ്പ് ജീവനകാരുടെയും പൊതു ജനങ്ങളുടെയും കൂട്ടായ പ്രവർത്തനമാണ് ഓപ്പൺ ജിംനേഷ്യം അനുവദിച്ച് കിട്ടാൻ വഴിതുറന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി ഉസ്‌മാൻ പറഞ്ഞു. എംഎൽഎ ഫണ്ട് ഉൾപ്പെടെ ഒരു കോടി രൂപയിലേറെ ചിലവഴിച്ച് വികസനപ്രവർത്തനങ്ങൾ നടത്താനും പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. ആരോഗ്യമേഖലയിൽ രാജ്യത്ത് മികച്ച നേട്ടമാണ് ചാലിയാർ കുടുംബാരോഗ്യ കേന്ദ്രം നേടിയിട്ടുള്ളതെന്നും പി.ടി ഉസ്‌മാൻ പറഞ്ഞു.