മലപ്പുറം: മെഡിക്കൽ ഷോപ് ഉടമകൾക്കും ഫാർമസിസ്റ്റുകൾക്കുമായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ആന്‍റിമൈക്രോബിയൽ മരുന്നുകളുടെയും സൈക്കോ ആക്ടീവ് മരുന്നുകളുടെയും ദുരുപയോഗം വ്യാപകമായ സാഹചര്യത്തിലാണ് ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചത്. കോഴിക്കോട് അസിസ്റ്റന്‍റ് ഡ്രഗ്‌സ് കൺട്രോളറുടെ നേതൃത്വത്തിൽ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകൾ കേന്ദ്രീകരിച്ചാണ് ശിൽപശാല നടത്തിയത്.
നിലമ്പൂരിൽ മെഡിക്കൽ ഷോപ് ഉടമകൾക്കും ഫാർമസിസ്റ്റുകൾക്കും പ്രത്യേക ബോധവൽകരണ ക്ലാസുകൾ നടത്തി. നിലമ്പൂരിലെ വ്യാപാരഭവനിൽ സംഘടിപ്പിച്ച ഏകദിന ശിൽപശാല ഡോ. കെ.കെ പ്രവീണ ഉദ്ഘാടനം ചെയ്‌തു. റീജിയണൽ ഡ്രഗ്‌സ് ഇൻസ്പെക്ടർ ഷാജി എം. വർഗീസ് അധ്യക്ഷത വഹിച്ചു. നിലവിൽ ആന്‍റിബയോട്ടിക്ക് ഗുളികകളും മാനസിക രോഗത്തിനുള്ള ഗുളികകളും ഡോക്‌ടമാരുടെ കുറിപ്പ് ഉപയോഗിച്ച് വാങ്ങുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം ശിൽപശാലകളിലൂടെ ബോധവൽകരണം നടത്തുന്നത് അനിവാര്യമാണെന്ന് ഭാരവാഹികൾ പറഞ്ഞു.