മലപ്പുറം: 12 കാരി പീഡനത്തിനിരയായ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ 13 വയസുള്ള മറ്റൊരു പെൺകുട്ടി കൂടി സംഘത്തിലുള്ളതായി പൊലീസ് കണ്ടെത്തി. ശിശുക്ഷേമ സമിതി 13- കാരിയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് അസമിൽ നിന്നും എത്തിച്ച 12 കാരിയെ പീഡിപ്പിച്ച വാർത്ത പുറത്ത് വന്നത്. ഇതിനെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയും പൊലീസും ഇടപെടുകയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ടാമത്തെ പെൺകുട്ടിയെ രക്ഷിച്ചത്.
കഴിഞ്ഞ ദിവസം സംഘത്തിലെ മുഹമ്മദലി, ബദറുല്‍ അമീൻ, നജേദ കാതൂണ്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബദറുല്‍ അമീൻ, നജേദ കാതൂൺ എന്നിവർക്കെതിരെ മനുഷ്യക്കടത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും മുഹമ്മദലിക്കെതിരെ പോക്സോ , ബലാത്സംഗം , ഐപിസി യുടെ വിവിധ വകുപ്പുകൾ അനുസരിച്ചും കേസെടുത്തിരുന്നു. കുട്ടികളുടെ മൊഴിയനുസരിച്ച് കൂടുതൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇതര സംസ്ഥാന തൊഴിലാളികൾ ആണ് പ്രതി പട്ടികയിൽ ഏറെയും എന്നാണ് സൂചന. രണ്ടു കുട്ടികളെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.