മലപ്പുറം: കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ച ചളിപ്പാടം മേഖല അധികൃതർ സന്ദർശിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് കാട്ടാനകൾ മേഖലയിലെ വാഴ കൃഷി നശിപ്പിച്ചത്. പ്രദേശത്തെ ഒട്ടേറെ കർഷകരുടെ കൃഷിയാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടത്. കർഷകർക്ക് ആവശ്യമായ സഹായം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഭിലാഷ് പറഞ്ഞു.
ഞായറാഴ്ച പുലർച്ചെയാണ് എടവണ്ണ പഞ്ചായത്തിലെ കുണ്ടുതോട്, ചളിപ്പാടം മേഖലയിൽ കാട്ടാനകൾ എത്തിയത്. പകൽ സമയങ്ങളിൽ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും ആനകളെ കണ്ടെത്താനായില്ല. എന്നാൽ രാത്രി ആനകൾ വീണ്ടും എത്തി. വിവരമറിഞ്ഞെത്തിയ വനപാലകർ മണിക്കൂറുകൾക്കു ശേഷം രാത്രി 12 മണിയോടെയാണ് ആനയെ വനത്തിലേക്ക് തിരിച്ച് അയച്ചത്. സംഭവത്തിൽ കർഷകർക്കാവശ്യമായ സഹായം ലഭ്യമാക്കാനുള്ള നടപടികൾ പഞ്ചായത്തിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അഭിലാഷ് പറഞ്ഞു. ആദ്യമായാണ് എടവണ്ണ പഞ്ചായത്ത് പരിധിയിൽ കാട്ടാനകൾ എത്തിയത്. മമ്പാട് നിലമ്പൂർ മേഖലയിലും ആനക്കൂട്ടങ്ങൾ എത്തി കൃഷി നശിപ്പിക്കുന്നത് പതിവാണ്. അർഹമായ നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകരുടെ ആവശ്യം.