മലപ്പുറം: പ്രളയത്തെ തുടർന്ന് അപകട ഭീഷണിയിലായ മമ്പാട് ഓടായിക്കൽ കടവിൽ പാലിയാറിന് കുറുകെ സ്ഥാപിച്ച റഗുലേറ്റർ കം ബ്രിഡ്ജിന്റെ അടിയിൽ നിന്നും അനധികൃത മണൽകടത്തൽ. തോണികൾ ഉപയോഗിച്ചാണ് പട്ടാപകൽ മണൽ കടത്തുന്നത്. രാത്രിയിൽ മണൽ ലോറികളിലാക്കി ജില്ലയുടെ വിവിധ ഭാഗത്തേക്ക് കൊണ്ടുപോകും. പ്രധാന രാഷ്ട്രീയ പാർട്ടികളിലെ ചിലരുടെ ഒത്താശ മണൽ മാഫിയകൾക്കുണ്ടെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.
നിരവധി തവണ പരാതി നൽകിയിട്ടും പൊലീസ്, റവന്യൂ അധികൃതർ നടപടി സ്വീകരിക്കാത്തതാണ് മണൽ മാഫിയക്ക് ധൈര്യം നൽക്കുന്നത്. കാർഷിക മേഖലയുടെ ജലസേചന സൗകര്യം കൂടി കണക്കിലെടുത്താണ് 42 കോടി രൂപ ചിലവഴിച്ച് ചാലിയാറിന് കുറുകെ ഓടായിക്കൽ കടവിൽ റഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിച്ചത്. പ്രളയം ബാധിച്ചതോടെ അപ്രോച്ച് റോഡ് തകർന്നിരുന്നു. അനധികൃത മണലൂറ്റൽ തുടരുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.