മലപ്പുറം: കഷ്ടപ്പാടുകളുടേയും ദുരിതങ്ങളുടേയും നാളുകളില്‍ അവർ വേദനകൾ പരസ്പരം പങ്കുവെച്ചു. എന്നാല്‍ നിപയും കൊവിഡും മഹാമാരികളായപ്പോൾ വേദനകൾ മറന്ന്, അവർ ഈ നാടിന് ആശ്വാസമായി. അവരെ നമ്മൾ ഭൂമിയിലെ മാലാഖമാർ എന്നു വിളിച്ചു. കരുതലിന്‍റെ സ്‌നേഹ സ്പർശമാണ് മഹാമാരിയുടെ ദിനങ്ങളില്‍ അവർ ലോകത്തിന് നല്‍കിയത്. മരണത്തിന് മുന്നില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു നടക്കുന്നവരുടെ സന്തോഷവും നിറഞ്ഞ പുഞ്ചിരിയും മാത്രമാണ് ഈ മാലാഖമാർക്ക് ജീവിതത്തില്‍ ലഭിക്കുന്ന ഏക അംഗീകാരം. ജീവിതം മറ്റുള്ളവർക്ക് വേണ്ടി മാറ്റിവെയ്ക്കുമ്പോൾ സ്വന്തം ജീവിതത്തിലെ കഷ്ട- നഷ്ടങ്ങൾ അവർ അറിയുന്നില്ല.
അവർക്ക് മാത്രമായി ഒരു ദിനം... പക്ഷേ ഈ ദിനത്തില്‍ ആഘോഷങ്ങൾക്കല്ല, കൊവിഡില്‍ നിന്ന് അവസാന രോഗിയേയും മുക്തരാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് നഴ്‌സുമാർ. കുറഞ്ഞ വേതനവും, കഷ്ടതയും പീഡനങ്ങളും നിറഞ്ഞ തൊഴില്‍ അന്തരീക്ഷവും സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന പതിനായിരക്കണക്കിന് നഴ്‌സുമാരുടെ ജീവിതം ദുരിത പൂർണമാക്കുകയാണ്. ഇപ്പോഴും വാഗ്‌ദാനങ്ങളില്‍ മാത്രം ഒരുങ്ങിയ വേതന വർധനയെ കുറിച്ച് മാലാഖമാർ ആശങ്കപ്പെടുന്നില്ല. തങ്ങളുടെ മുന്നിലുള്ള അവസാന രോഗിയും കൊവിഡ് മുക്തമാകുന്ന ദിവസത്തെ കുറിച്ചാണ് നഴ്‌സുമാർ ചിന്തിക്കുന്നത്. കൊവിഡ് പ്രതിരോധത്തിന്‍റെ മുൻ നിരയില്‍ നില്‍ക്കുമ്പോൾ ജീവിത പ്രാരാബ്ദങ്ങൾ അവർ മറക്കുകയാണ്. ഇടിവി ഭാരതുമായി ഭൂമിയിലെ മാലാഖമാർ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നു.