മലപ്പുറം: തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ ജില്ല സജ്ജമായതായി മലപ്പുറം കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നവരെ സ്വീകരിക്കാനും ആവശ്യമായ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുമുള്ള സംവിധാനങ്ങളെല്ലാം സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ ജാഗ്രതയും യാത്രക്കാരുടെ സാമൂഹ്യ അകലവും ഉറപ്പാക്കിയുള്ള ക്രമീകരണങ്ങളാണ് വിമാനത്തിലും വിമാനത്താവളത്തിലുമുണ്ടാവുക.
പ്രത്യേക വിമാനങ്ങളില്‍ എത്തുന്നവരെ പുറത്തിറങ്ങുന്നതോടെ കര്‍ശനമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും. പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ നേരിട്ട് ആശുപത്രികളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. മറ്റുള്ളവര്‍ക്ക് പ്രത്യേക നിരീക്ഷണത്തിനുള്ള സൗകര്യങ്ങളും ഒരുക്കും. 94 ഗ്രാമ പഞ്ചായത്തുകളിലും 12 നഗരസഭകളിലുമായി 200 കൊവിഡ് കെയര്‍ സെന്‍ററുകളാണ് നിലവില്‍ ജില്ലയില്‍ സജ്ജമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ കെട്ടിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്റ്റലുകളും സ്വകാര്യ ഹോട്ടലുകളും ഇതിലുള്‍പ്പെടും. 2,051 സിംഗിള്‍ റൂമുകളും 3,048 ഡബിള്‍ റൂമുകളും 715 മറ്റ് റൂമുകളുമാണ് ഈ കേന്ദ്രങ്ങളില്‍ ആകെയുള്ളത്.
200 കേന്ദ്രങ്ങളിലായി 11,778 പേരെ താമസിപ്പിക്കാനുള്ള സൗകര്യങ്ങളാണ് നിലവിലുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ കൊവിഡ് കെയര്‍ സെന്‍ററുകള്‍ ഒരുക്കാനും നടപടികളായിട്ടുണ്ട്. തിരിച്ചെത്തുന്നവര്‍ക്കെല്ലാം ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന ദിവസത്തെ പ്രത്യേക നിരീക്ഷണം നിര്‍ബന്ധമാണെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. ആരോഗ്യം, പൊലീസ്, മോട്ടോര്‍ വാഹനം, റവന്യൂ, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളുടെ സേവനവും പ്രവാസികളുടെ തിരിച്ചെത്തലുമായി ബന്ധപ്പെട്ട് ക്രമീകരിച്ചിട്ടുണ്ട്.