മലപ്പുറം : നാട്ടുകാർക്ക് ശല്യക്കാരനായി മാറിയ കരിങ്കുരങ്ങ് വനപാലകരുടെ സംരക്ഷണയിൽ. വനം വകുപ്പിന്‍റെ നിലമ്പൂർ ആർ.ആർ.ടി ഓഫിസ് പരിസരത്തെ കൂട്ടിലാണ് കരിങ്കുരങ്ങ് ദിവസങ്ങളായി കഴിയുന്നത്. നെല്ലിക്കുത്ത് വനമേഖല പരിസരത്ത് താമസിക്കുന്ന ആളുകൾക്ക് ശല്യക്കാരനായി മാറിയതോടെയാണ് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് വനം ആർ.ആർ.ടി വിഭാഗം കരിങ്കുരങ്ങിനെ പിടികൂടി നിലമ്പൂരിലെ ഓഫിസ് പരിസരത്തെ കൂട്ടിലാക്കിയത്.
മൂന്ന് തവണ ചേരംമ്പാടി വനമേഖലയിലും നാടുകാണി ചുരത്തിലും കക്കാടംപൊയില്‍ വനമേഖലയിലും വിട്ടെങ്കിലും ശല്യക്കാരനായ കുരങ്ങ് വീടുകളില്‍ കയറി സാധനങ്ങള്‍ നശിപ്പിച്ചതോടെയാണ് വനപാലകര്‍ വീണ്ടും ആര്‍ആര്‍ടി ഓഫിസ് പരിസരത്ത് എത്തിച്ചത്.
Also Read: 'മീന്‍സ്' : പുതിയ സംരംഭവുമായി ബിനോയ് കോടിയേരി
എന്നാൽ ഇതോടെ തീർന്നില്ല കരിങ്കുരങ്ങന്‍റെ ശല്യം. പൊറോട്ടയാണ് ഇതിന്‍റെ ഇഷ്‌ടഭക്ഷണം. ഇതോടെ മൂന്ന് നേരവും കുരങ്ങന് പൊറോട്ട വാങ്ങി നൽകുകയാണ് വനപാലകർ. ശല്യക്കാരൻ കരിങ്കുരങ്ങനെ പിടികൂടി പുലിവാൽ പിടിച്ച അവസ്ഥയാണ് നിലവിൽ വനപാലകർ.
പൊതുവിൽ കരിങ്കുരങ്ങ് ജനങ്ങളോട് അടുക്കില്ലെന്ന് പറയുമ്പോഴും ആളുകള്‍ക്കിടയില്‍ കഴിയാനാണ് ഈ കരിങ്കുരങ്ങിന് ഇഷ്‌ടം. ഏകദേശം 3 വയസ് പ്രായം തോന്നിക്കുന്ന കരിങ്കുരങ്ങ് ഇഷ്ടഭക്ഷണവും കഴിച്ച് വനപാലകരുടെ സംരക്ഷണത്തിൽ കഴിയുകയാണ്. നടപടികൾ പൂർത്തീകരിച്ച് മൃഗശാലകൾക്കോ ജന്തുശാസ്ത്ര വിഭാഗത്തിനോ കൈമാറാനാണ് വനംവകുപ്പിന്‍റെ ശ്രമം.