മലപ്പുറം: വയോജനങ്ങൾക്കായി പ്രത്യേകം സിനിമ കാണാൻ അവസരം ഒരുക്കി നിലമ്പൂർ നഗരസഭ. 60 വയസ് കഴിഞ്ഞ 225 പേർക്കാണ് മലയൻകുഞ്ഞ് എന്ന ചിത്രം കാണാൻ നിലമ്പൂർ ഫെയറിലാൻഡ് തിയേറ്ററിൽ അവസരമൊരുക്കിയത്. നിലമ്പൂർ നഗരസഭ വയോ സൗഹൃദ നഗരസഭ ആക്കുന്നതിന്‍റെ ഭാഗമായായിരുന്നു സിനിമ പ്രദർശനം.
പ്രായാധിക്യം മൂലം പലരും തിയേറ്ററുകളിലെത്തി സിനിമ കണ്ടിട്ട് വർഷങ്ങളായി. അതിനാൽ തന്നെ വാർധക്യത്തിലും ചോരാത്ത ആവേശവുമായാണ് എല്ലാവരും തിയേറ്ററിലേക്ക് എത്തിയത്. നഗരസഭ വികസന സ്ഥിരംസമിതി അധ്യക്ഷൻ പി.എം ബഷീർ ഇവരെ സ്വീകരിച്ചു.
അതേസമയം സിനിമ കണ്ടതിനെക്കാളുപരി വർഷങ്ങൾക്ക് ശേഷം പഴയ സുഹൃത്തുക്കളെ കാണാനും സൗഹൃദം പങ്കിടാനും സാധിച്ചതിന്‍റെ സന്തോഷത്തിലായിരുന്നു പലരും. സിനിമ കണ്ട് മടങ്ങുമ്പോൾ കൂടിച്ചേരലിന്‍റെയും സൗഹൃദത്തിന്‍റെയും സന്തോഷം ഓരോരുത്തരുടെയും മുഖത്ത് പ്രകടമായിരുന്നു.