മലപ്പുറം: നിലമ്പൂര്‍ നഗരസഭയുടെ എയറോബിക് കംപോസ്റ്റ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. മലപ്പുറം സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷനാണ് നഗരസഭയിലെ ആദ്യ എയറോബിക് കംപോസ്റ്റ് യൂണിറ്റ് ആരംഭിച്ചത്. പുതുതായി സ്ഥാപിച്ച രണ്ടു യൂണിറ്റുകളിൽ ഓരോന്നിലും രണ്ട് ബിന്നുകള്‍ വീതമുണ്ടാകും. ഇതിൽ 1000 കിലോഗ്രാം വീതം ജൈവമാലിന്യങ്ങള്‍ നിക്ഷേപിക്കാം. 45 ദിവസം മുതല്‍ 90 ദിവസം കൊണ്ട് മാലിന്യങ്ങള്‍ അഴുകി ജൈവവളമാക്കി മാറ്റാം.
നിലമ്പൂര്‍ ഡിഎഫ്ഒ ഓഫിസ് പരിസരത്തും വല്ലപ്പുഴയിലും ആറു ബിന്‍ വീതമുള്ള രണ്ട് യൂണിറ്റുകള്‍ കൂടി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന് കീഴില്‍ 100ലധികം കംപോസ്റ്റ് യൂണിറ്റുകള്‍ ജില്ലയിലാകമാനം സ്ഥാപിച്ചു. 3.15 ലക്ഷം രൂപ ചെലവിലാണ് നഗരസഭ യൂണിറ്റ് സ്ഥാപിച്ചത്. നഗരസഭയുടെ വിഹിതത്തിന് പുറമെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം കൂടി ചേര്‍ത്താണ് നഗരസഭയില്‍ ഇവ സ്ഥാപിക്കുന്നത്. കനോലി പ്ലോട്ടിന് സമീപം നടന്ന ചടങ്ങ് നഗരസഭാധ്യക്ഷ പദ്‌മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷേര്‍ളിമോൾ ഉദ്‌ഘാടന ചടങ്ങില്‍ അധ്യക്ഷയായി.