മലപ്പുറം : റബർ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ യുവാവിനെയും യുവതിയേയും കണ്ടെത്തി. നിലമ്പൂർ മുള്ളുള്ളി സ്വദേശി വിനീഷ് (22), തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശി രമ്യ (22) എന്നിവരെയാണ് റബർ മരത്തിൽ ഒറ്റ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
എന്നാൽ മരണത്തിലേക്ക് നയിക്കാനുള്ള കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വിനീഷിന്‍റെ വീട്ടിൽ നിന്നും ഏകദേശം 200 മീറ്റർ അകലെയുള്ള റബർ തോട്ടത്തിലെ മരത്തിലാണ് ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും പ്രണയം വീട്ടുകാർക്ക് അറിയാമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇവർ തമ്മിലുള്ള വിവാഹം നടത്തി കൊടുക്കാന്‍ വീനിഷിന്‍റെ മാതാപിതാക്കൾ സമ്മതം അറിയിച്ചിരുന്നു.
ജ്യേഷ്‌ഠന്‍ വിവാഹ ശേഷം ഇവരുടെ വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്നലെ (ജൂലൈ 12) രമ്യ വിനീഷിനെ വിളിച്ച് ചന്തക്കുന്നിൽ എത്തിയതായി അറിയിച്ചു. വിവരമറിഞ്ഞ വിനീഷ് വീട്ടുകാരോട് ഇക്കാര്യം പറഞ്ഞ ശേഷം രമ്യയെ കാണാൻ പോയി. തുടര്‍ന്ന് ഇവരെക്കുറിച്ച് വീട്ടുകാർക്ക് ഒരു വിവരവും ലഭിച്ചിരുന്നില്ല.
പിന്നീട് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്‌ച രാത്രിയിൽ ജീവനൊടുക്കിയതാകാമെന്ന് പൊലീസ് സംശയിക്കുന്നു. നിലമ്പൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.