മലപ്പുറം: നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍ ട്രെയിൻ എക്‌സ്‌പ്രസ് വിഭാഗത്തിലേക്ക് മാറ്റും. പാസഞ്ചര്‍ ട്രെയിനുകള്‍ എക്‌സ്‌പ്രസുകള്‍ ആക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. നിലമ്പൂരില്‍ നിന്നും ദിവസവും 200 കിലോമീറ്ററിലേറെ ദൂരം സര്‍വീസ് നടത്തുന്ന ട്രെയിനാണ് നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍.
വേഗം കൂട്ടിയും സ്‌റ്റോപ്പുകള്‍ ഒഴിവാക്കിയുമാണ് പാസഞ്ചറുകളെ എക്‌സ്‌പ്രസുകളാക്കുന്നത്. രാജ്യത്ത് അഞ്ഞൂറിലേറെ ട്രെയിനുകള്‍ ഇത്തരത്തില്‍ എക്‌സ്‌പ്രസുകളാക്കും. കൊവിഡിന്‍റെ പശ്ചാത്തലത്തിലുള്ള താത്കാലിക നടപടിയാണോ ഇതെന്ന് വ്യക്തമല്ല. രണ്ട് ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സോണല്‍ റെയില്‍വേകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പാസഞ്ചര്‍ ട്രെയിനുകള്‍ എക്‌സ്‌പ്രസ് വിഭാഗത്തിലേക്ക് മാറുമ്പോള്‍ ടിക്കറ്റ് നിരക്ക് കൂട്ടാൻ സാധ്യതയുണ്ട്. അതോടൊപ്പം നിരവധി സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഇല്ലാതാകുകയും ചെയ്യും. ഇത് സ്ഥിരം യാത്രക്കാരെ ഏറെ ബാധിക്കാൻ ഇടയുണ്ട്. പാസഞ്ചര്‍ ട്രെയിനുകള്‍ ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവയെ എക്‌സ്‌പ്രസ് ട്രെയിനുകളാക്കാൻ റെയില്‍വേ ഒരുങ്ങുന്നത്. ചെറിയ സ്റ്റേഷനുകള്‍ക്ക് പ്രവര്‍ത്തന ചിലവും കൂടുതലാണ്. ലോക്കല്‍ ട്രെയിനുകളില്‍ റിസര്‍വേഷന്‍ കോച്ചുകളില്ല. ഇവ എക്‌സ്‌പ്രസുകളാകുമ്പോള്‍ റിസര്‍വേഷൻ കോച്ചുകളുണ്ടാവും.