മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്‍കരണ പരിപാടികളുമായി നിലമ്പൂര്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റ്. പുതിയതായി അനുവദിച്ച വാട്ടര്‍ മിസ്റ്റ് ബുള്ളറ്റിലാണ് ബോധവല്‍കരണ പരിപാടികള്‍ നടത്തുന്നത്. പ്രദേശങ്ങളില്‍ അണുവിമുക്തമാക്കാനുള്ള നടപടികളും ഫയര്‍ഫോഴ്‌സിന്‍റെ കീഴില്‍ നടക്കുന്നുണ്ട്.
അപകട സമയത്ത് വലിയ ഫയര്‍ എന്‍ജിനുകള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത ഇടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് വാട്ടര്‍ മിസ്റ്റ് ബുള്ളറ്റ് സുപ്രധാന പങ്ക് വഹിക്കുന്നു. 500 സിസി ബുള്ളറ്റില്‍ ഇരു വശങ്ങളിലുമായി ഒമ്പത് ലിറ്റര്‍ കപ്പാസിറ്റിയുള്ള രണ്ട് പോര്‍ട്ടബിള്‍ വാട്ടര്‍ മിസ്റ്റകള്‍, ബ്ലിങ്കര്‍, സൈറണ്‍, പൊതുജനങ്ങള്‍ക്ക സന്ദേശം നല്‍കുന്നതിനുള്ള പബ്ലിക് അഡ്രസിങ് സിസ്റ്റം എന്നിവയും ഉണ്ട്. ഒമ്പത് മീറ്റര്‍ വരെ വെള്ളവും തീയണക്കുന്ന ലായനിയും ചേര്‍ത്ത മിശ്രിതം പമ്പ് ചെയ്യാന്‍ കഴിയുന്നതിനാല്‍ അകലെ നിന്ന് സുരക്ഷിതമായി തീയണക്കാനാവും. ഇതോടെ മലയോര മേഖലകളിലെ ചെറിയ റോഡിലൂടെയും നഗരത്തിലെ ഇടുങ്ങിയ വഴികളിലൂടെയും സഞ്ചരിച്ചെത്തി തീയണക്കാൻ നിലമ്പൂർ ഫയർ ഫോഴ്സിനാവും.