മലപ്പൂർ: നിലമ്പൂരിൽ കോൺഗ്രസ് മുസ്ലിം ലീഗ് ബന്ധത്തിൽ വിള്ളൽ. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളിലടക്കം യുഡിഎഫ് ഘടക കക്ഷികൾ വ്യത്യസ്ത സമരങ്ങളുമായി മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ ദിവസത്തെ എൻആർസി വിവരശേഖരണത്തിൽ നിലമ്പൂർ തഹസിൽദാരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസും മുസ്ലിം ലീഗും വ്യത്യസ്ത മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു. കോൺഗ്രസ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് കെപിസിസി ജനറൽ സെക്രട്ടറി വി.എ കരീം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധറാലി എംഎസ്എഫ് അഖിലേന്ത്യ പ്രസിഡന്റ് ടി.പി.അഷറഫലി ഉദ്ഘാടനം ചെയ്തു.
പൗരത്വ ഭേദഗതി നിയമത്തിനും എൻപിആറിനുമെതിരെ സംസ്ഥാനത്ത് യുഡിഎഫ് സമരം ശക്തമാകുപ്പോഴാണ് നിലമ്പൂരിൽ യുഡിഎഫ് കക്ഷികൾ ചേരിതിരിഞ്ഞ് സമരം സംഘടിപ്പിച്ചത്. റീബിൽഡ് നിലമ്പൂരിന്റെ രക്ഷാധികാരിയായി പി.വി അൻവർ സ്ഥാനമേറ്റത് കോൺഗ്രസിനെ ചൊടിപ്പിച്ചിരുന്നു. നിലമ്പൂരിൽ വഹാബ് എംപിയുടെ തട്ടകമായ അമൽ കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു എസ്എഫ്ഐയുമായി ചേർന്ന് എംഎസ്എഫിനെ പരാജയപ്പെടുത്തിയിരുന്നു. മമ്പാട് എംഇഎസിൽ ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാർഥി സംഘടനയുമായി സഹകരിച്ചാണ് എംഎസ്എഫിനെ പുറത്താക്കിയത്. ഇത് ഇരുപാർട്ടികളുടെയും യുവജന വിദ്യാർഥി സംഘടനകൾ തമ്മിലുള്ള വാക്ക് പോരിനും ഇടയാക്കിയിരുന്നു.