നിലമ്പൂര്‍: സ്‌കൂള്‍ അധ്യയനവര്‍ഷത്തിന് തുടക്കംകുറിച്ച് നാടെങ്ങും ഡിജിറ്റല്‍ പ്രവേശനോത്സവം നടക്കുമ്പോള്‍ പഠനത്തിന് വഴികാണാതെ ദുരിതത്തിലായ മുണ്ടേരി ഉള്‍വനത്തിലെ ഇരുട്ടുകുത്തി കോളനിയിലെ കുട്ടികള്‍ക്ക് പഠനസൗകര്യം വാഗ്ദാനം ചെയ്ത് സംസ്‌ക്കാര സാഹിതി. ഇന്നലെ കൂട്ടുകാരെല്ലാം പ്രവേശനോത്സവത്തില്‍ പങ്കെടുക്കുമ്പോഴും ചാലിയാര്‍ പുഴക്കക്കരെ മുണ്ടേരിയിലെ ഇരുട്ടുകുത്തി കോളനിയിലെ പതിനഞ്ചോളം കുട്ടികള്‍ പഠനത്തിന് വഴിയില്ലാതെ കണ്ണീരിലായിരുന്നു. പുസ്തകങ്ങളും അരിയും കോളിനിയിലെത്തിച്ചതല്ലാതെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ പഠനത്തിനായി ഒരു സൗകര്യവും അധികൃതര്‍ ഒരുക്കിയിരുന്നില്ല.
സഹായ വാഗ്‌ദാനവുമായി സംസ്‌ക്കാര സാഹിതി
കഴിഞ്ഞ തവണ സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിന്‍റെ നേതൃത്വത്തില്‍ കോളനിയില്‍ മുളകൊണ്ട് പഠന കേന്ദ്രം കെട്ടിയുണ്ടാക്കിയിരുന്നു. ഇത് മഴയത്ത് മരംവീണ് തകര്‍ന്നതോടെയാണ് കുട്ടികളുടെ പഠനം മുടങ്ങിയത്. ഈ കേന്ദ്രത്തില്‍ സംസ്‌ക്കാര സാഹിതി നല്‍കിയ ഡിജിറ്റല്‍ ടി.വിയിലൂടെയായിരുന്നു കോളനിയിലെ കുട്ടികള്‍ പഠിച്ചിരുന്നത്. കുട്ടികളുടെ ദുരിതമറിഞ്ഞ് ആര്യാടന്‍ ഷൗക്കത്തിന്‍റെ നേതൃത്വത്തില്‍ സംസ്‌ക്കാര സാഹിതി പ്രവര്‍ത്തകര്‍ ഇന്നലെ ഉച്ചയോടെ കോളനിയിലെത്തി പഠനസൗകര്യം ഒരുക്കാമെന്നറിയിച്ചു. കുട്ടികള്‍ക്ക് ബലൂണും മിഠായിയും നല്‍കിയതോടെ അവരും പ്രവേശനോത്സവത്തിന്‍റെ സന്തോഷത്തിലായി.
പാലവും പഠന സൗകര്യവും ഒരുക്കും.
തകര്‍ന്ന പഠന കേന്ദ്രം നാലുദിവസത്തിനകം പുനര്‍നിര്‍മ്മിക്കും. 2019ലെ പ്രളയത്തില്‍ കോളനിയിലേക്കുള്ള കോണ്‍ക്രീറ്റ് പാലം തകരുകയും ചാലിയാര്‍ പുഴ ഗതിമാറിയൊഴുകി കോളനിയിലെ വീടുകള്‍ തകരുകയും ചെയ്തിരുന്നു. അന്നു മുതല്‍ വനത്തില്‍ താല്‍ക്കാലിക ഷെഡുകള്‍കെട്ടിയാണ് ആദിവാസികളുടെ താമസം. ആദിവാസി യുവാക്കള്‍ ചങ്ങാടം കെട്ടിയാണ് കോളനിയെ പുറംലോകവുമായി ബന്ധപ്പെടുത്തിയത്. മഴക്കാലത്ത് ചങ്ങാടം ഇറക്കാന്‍ കഴിയാതെ കോളനിവാസികള്‍ ഒറ്റപ്പെടുന്ന ദുരിതമായിരുന്നു. മുന്‍ കളക്ടര്‍ ജാഫര്‍ മാലിക്കിന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ റവന്യൂ ജീവനക്കാര്‍ താല്‍ക്കാലിക തൂക്കുപാലം നിര്‍മ്മിച്ചിച്ചാണ് ഈ പ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടത്.
എന്നാല്‍ കഴിഞ്ഞ മഴക്കാലത്ത് ഈ പാലവും തകര്‍ന്ന് ഉപയോഗശൂന്യമായി. ഇതോടെ കോളനിക്കാര്‍ക്ക് വീണ്ടും ചങ്ങാടം തന്നെയായി ആശ്രയം. കാലവര്‍ഷം വരുന്നതോടെ ചങ്ങാടം ഇറക്കാനാവാതെ മുണ്ടേരി ഉള്‍വനത്തിലെ കോളനിക്കാര്‍ ഒറ്റപ്പെടുമെന്ന അവസ്ഥയുമായി. ഈ ദുരിതമറിഞ്ഞ് കോളനിയിലേക്ക് താല്‍ക്കാലിക നടപ്പാലം നിര്‍മ്മിക്കാനുള്ള സഹായവും സംസ്‌ക്കാര സാഹിതി ഉറപ്പുനല്‍കി.
ALSO READ: പുൽവാമയിൽ ബി.ജെ.പി നേതാവിനെ ഭീകരർ വെടിവച്ചുകൊന്നു