മലപ്പുറം: കൊവിഡ് വാക്‌സിൻ വിതരണത്തിൽ മലപ്പുറം ജില്ലയോടുള്ള അവഗണനക്കെതിരെ മുഖ്യമന്ത്രിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ റഫീഖയുടെ കത്ത്. ഏറ്റവും കൂടുതൽ വിസ്‌തൃതിയും ജനസംഖ്യയുമുള്ള മലപ്പുറം ജില്ലയിൽ ജനസംഖ്യാനുപാതികമായി കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങളും വാക്‌സിനും അനുവദിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. മലപ്പുറത്തെ ജനസംഖ്യയെക്കാൾ 10 ലക്ഷം കുറവുള്ള തിരുവനന്തപുരം ജില്ലയിൽ 140 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് അനുവദിച്ചിട്ടുള്ളത്. മലപ്പുറത്ത് ആകെ 101 കേന്ദ്രങ്ങൾ മാത്രമാണുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എംകെ റഫീഖ കത്തിലൂടെ അറിയിച്ചു.
Also read: കൊവിഡ് രോഗികളുടെ ഡയാലിസിസ് മുടങ്ങിയ സംഭവം; അടിയന്തര ഇടപെടൽ നടത്തി ആരോഗ്യ മന്ത്രി
നിലവിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ആവശ്യത്തിന് വാക്‌സിനും രജിസ്റ്റർ ചെയ്‌തവർക്ക് സ്‌ലോട്ടും ലഭിക്കുന്നില്ല. ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ട്രിപ്പിൾ ലോക്ക് ഡൗണും നിലനിൽക്കുന്ന ഏക ജില്ലയാണ് മലപ്പുറം. ജില്ലയുടെ ആവശ്യത്തിനനുസരിച്ച് വാക്‌സിനും വാക്‌സിനേഷൻ കേന്ദ്രങ്ങളും സജ്ജമാക്കാൻ തയാറാകാത്ത ആരോഗ്യവകുപ്പിൻ്റെ നിലപാട് ജില്ലയോടുള്ള അവഗണനയാണെന്നും റഫീഖ ആരോപിച്ചു.