മലപ്പുറം: പ്രളയത്തെ നേരിടാൻ ദുരന്തനിവാരണ അതോറിറ്റിയുടെ ബോട്ടുകൾ നിലമ്പൂരിലെത്തി. പൊന്നാനിയിൽ നിന്നുള്ള മത്സ്യതൊഴിലാളികൾ ഉൾപ്പെടെയുള്ളവരും ഏഴ് ബോട്ടുകളിലായി എത്തി. നിലമ്പൂർ പോലീസ് സ്റ്റേഷൻ പരിസരത്ത് ഇറക്കിയ ബോട്ടുകൾ പി.വി.അൻവർ എം.എൽ.എ, സബ് കലക്ടർ കെ.എസ്.അഞ്ജു, നിലമ്പൂർ തഹസിൽദാർ സുഭാഷ് ചന്ദ്ര ബോസ് അഗ്നിശമന സേന നിലമ്പൂർ സ്റ്റേഷൻ മാസ്റ്റർ എം.അബ്ദുൾ ഗഫൂർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
2019ലെ പ്രളയത്തിൽ ഏറ്റവും വലിയ ദുരന്തം നേരിട്ട പോത്തുക്കൽ, എടക്കര പഞ്ചായത്തുകളിലേക്ക് ആദ്യ ബോട്ടുകൾ കൊണ്ടുപോയി. വഴിക്കടവ്, കരുളായി, ചാലിയാർ, മൂത്തേടം പഞ്ചായത്തുകളിലേക്കും ബോട്ടുകൾ എത്തിക്കും. നിലമ്പൂരിൽ കനത്ത മഴ തുടരുന്നതും, ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് കണക്കിലെടുത്തുമാണ് ബോട്ടുകൾ നേരത്തെ എത്തിച്ചത്.