മലപ്പുറം: കേരള പത്രപ്രവർത്തക യൂണിയന്‍റെ ആഭിമുഖ്യത്തിൽ നിലമ്പൂരിൽ ദേശീയ മാധ്യമ സെമിനാർ സംഘിടിപ്പിച്ചു. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി സെമിനാർ ഉദ്ഘാടനം ചെയ്തു. കെജെയു ജില്ലാ പ്രസിഡന്റ് സി ജമാൽ അധ്യക്ഷനായി. 'ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം' എന്ന വിഷയത്തിൽ മുൻ എം.പി ഡോ.സെബാസ്റ്റ്യൻ പോൾ പ്രബന്ധം അവതരിപ്പിച്ചു. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗങ്ങളായ എം.എ മജിദ്, പ്രഭാത് ദാസ് ഒഡീഷ, കെഡബ്ല്യുജെ മുൻ പ്രസിഡന്റ് എൻ.പത്മനാഭൻ, കെജെയു സംസ്ഥാന പ്രസിഡന്റ് ബഷീർ മാടാല എന്നിവർ വിഷയത്തില്‍ സംസാരിച്ചു.
നിലമ്പൂരിലെ മഹാപ്രളയത്തിൽ രക്ഷകരായും നാടിന്‍റെ കൈത്താങ്ങായും നിന്ന വ്യക്തികളേയും സംഘടനകളേയും ചടങ്ങിൽ ആദരിച്ചു. മാധ്യമ പ്രവർത്തകർക്ക് സർക്കാർ ബസുകളിലും ട്രെയിനിലും സൗജന്യമായി സഞ്ചരിക്കാൻ നിയമം സൃഷ്ടിക്കണമെന്ന രാമകൃഷ്ണൻ എടവണ്ണയുടെ പ്രമേയം സമ്മേളനം അംഗീകരിച്ചു. നിലമ്പൂർ മേഖലയിലെ കോളജുകളിലെ മാധ്യമ പഠന വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെയാണ് ദേശീയ സെമിനാർ സംഘടിപ്പിച്ചത്. പി.വി അബ്ദുൾ വഹാബ് എം.പി, മുൻ വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടൻ മുഹമ്മദ്, മുനിസിപ്പൽ ചെയർ പേഴ്സൺ പത്മിനി ഗോപിനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.