മലപ്പുറം : കേരള സ്റ്റോറി സിനിമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. സിനിമയില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്നതിന് തെളിവ് കൊണ്ടുവരുന്നവര്‍ക്ക് ഒരുകോടി ഇനാം നല്‍കുമെന്ന് വെല്ലുവിളിച്ചിരിക്കുകയാണ് ഫിറോസ്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി നുണകൾ മാത്രം പറയുന്ന സംഘപരിവാർ ഫാക്‌ടറിയിലെ ഏറ്റവും വലിയ കള്ളങ്ങളില്‍ ഒന്നാണ് ലൗ ജിഹാദ് വഴി മതം മാറ്റി സിറിയയിലേക്ക് കടത്തി എന്ന ആരോപണം എന്നും പി കെ ഫിറോസ് പറഞ്ഞു.
ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പി കെ ഫിറോസിന്‍റെ പ്രതികരണം. സിനിമ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ സത്യമാണെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ കയ്യിലുള്ളവര്‍ യൂത്ത് ലീഗ് ജില്ല കേന്ദ്രങ്ങളില്‍ എത്തിച്ച് ഇനാം നേടണമെന്നും കുറിപ്പില്‍ ഫിറോസ് പറയുന്നു.
- " class="align-text-top noRightClick twitterSection" data="">
കുറിപ്പിന്‍റെ പൂര്‍ണ രൂപം : രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി നുണകൾ മാത്രം പറയുന്ന സംഘ് പരിവാർ ഫാക്‌ടറിയിലെ ഏറ്റവും വലിയ നുണകളിൽ ഒന്നാണ് ലൗ ജിഹാദ് വഴി മതം മാറ്റി സിറിയയിലേക്ക് കടത്തി എന്ന ആരോപണം. കേരളത്തിൽ 32,000 പേരെ ഇവ്വിധം മാറ്റി എന്ന് സംഘ് സ്പോൺസേർഡ് സിനിമ ആധികാരിക കണക്കുകൾ കയ്യിലുണ്ടെന്ന വാദത്തോടെ പറയുമ്പോൾ ഒരു പഞ്ചായത്തിൽ ശരാശരി 30 പേരെങ്കിലും ഉണ്ടാവുമല്ലോ. പക്ഷേ, ഒരാളുടെയെങ്കിലും അഡ്രസ് ചോദിക്കുമ്പോൾ ഒന്നും കേൾക്കാത്ത പോലെ തലതാഴ്ത്തി ഇരിപ്പാണ്.
അതുകൊണ്ട്, തെളിവ് കൊണ്ടുവരുന്നവർക്ക് ഒരുകോടി രൂപ മുസ്‌ലിം യൂത്ത് ലീഗ് ഇനാം നൽകുമെന്ന് പ്രഖ്യാപിക്കുകയാണ്. അങ്ങനെ തെളിവുകൾ കയ്യിലുള്ള ആർക്കും മുസ്‌ലിം യൂത്ത് ലീഗിന്‍റെ ജില്ല കേന്ദ്രങ്ങളിലെ കൗണ്ടറിൽ അത് സമർപ്പിച്ച് മെനക്കേടില്ലാതെ ഒരുകോടി നേടാവുന്നതാണ്.