മലപ്പുറം: കവളപ്പാറയിലെയും പാതാറിലേയും ദുരന്തത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് സംഘടിപ്പിച്ച ലോങ് മാര്‍ച്ച് മലപ്പുറത്ത് സമാപിച്ചു. സമാപന സമ്മേളനം മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്‍റെ ഭരണത്തെക്കുറിച്ച് ജനങ്ങള്‍ക്ക് നല്ല ബോധമുണ്ടെന്നും ഇത് കേരളത്തില്‍ നിന്ന് ഇടതുപക്ഷത്തെ ആട്ടി ഓടിക്കുന്ന തരത്തിലേക്ക് എത്തുമെന്നും ലോങ് മാർച്ചിന്‍റെ സമാപന ചടങ്ങില്‍ മുഖ്യപ്രഭാഷണം നിർവഹിച്ച് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മഹാരാഷ്ട്രയില്‍ സംഭവിച്ചത് കേരളത്തിലും ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തം കഴിഞ്ഞ് ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും ദുരിത ബാധിതർക്ക് ഒരു നയാ പൈസ പോലും നല്‍കാൻ സർക്കാർ തയ്യാറായിട്ടില്ലെന്ന് സാദിഖലി തങ്ങൾ പ്രതികരിച്ചു. ഭരിക്കാനറിയാത്ത രണ്ട് മുന്നണികളാണ് കേന്ദ്രത്തിലും കേരളത്തിലും ഇരിക്കുന്നത്. 2018ലെ പ്രളയ ദുരിതാശ്വസ കണക്ക് കേന്ദ്രത്തിന് നല്‍കാത്തതിനാലാണ് ഇത്തവണത്തെ പ്രളയത്തില്‍ കേന്ദ്രം ഒരു രൂപ പോലും കേരളത്തിന് നല്‍കാത്തിരുന്നത് എന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി യു.എ ലതീഫ് അദ്ധ്യക്ഷനായിരുന്നു. മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, എംഎല്‍എമാരായ എം.അലി, പി.ഉബൈദുളള, പി.അബ്ദുല്‍ ഹമീദ്, ആബിദ് ഹുസൈന്‍ തങ്ങള്‍, പി.കെ അബ്ദുറബ്ബ്, , യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.കെ ഫിറോസ്, ജില്ലാ സെക്രട്ടറിമാരായ ഉമ്മര്‍ അറയ്ക്കല്‍, അഷ്റഫ് കോക്കൂര്‍, നൗഷാദ് മണ്ണിശ്ശേരി തുടങ്ങിയവരും സംസാരിച്ചു.
ഈ മാസം 24ന് കവളപ്പാറയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. എടക്കര, നിലമ്പൂര്‍, പോത്തകല്ല്, എടവണ്ണ, മഞ്ചേരി എന്നീ സ്ഥലങ്ങളിലെ സ്വീകരണ ശേഷമാണ് ജാഥ മലപ്പുറം കലക്ട്രേറ്റിനു മുന്നില്‍ സമാപിച്ചത്.