മലപ്പുറം: രാഷ്ട്രപതിക്ക് ഒരു കോടി കത്തുകള്‍ സംസ്ഥാനത്ത് നിന്നും അയക്കുമെന്ന് മുസ്ലീം ലീഗ് ദേശീയകാര്യ നിര്‍വ്വാഹക സമിതി അംഗം സാദിഖലി ശിഹാബ് തങ്ങള്‍. പൗരത്വ ഭേദഗതി നിയമം പുന:പരിശോധിക്കാനും റദ്ദ് ചെയ്യാനും രാഷ്ട്രപതി എന്ന നിലയിലുള്ള അധികാരം ഉപയോഗപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് രാഷ്ട്രപതിക്ക് കത്ത് അയക്കുന്നത്. യുഡിഎഫ് പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തിയാണ് കത്തുകള്‍ അയക്കുകയെന്നും സാദിഖലി ശിഹാബ് തങ്ങള്‍.
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രപതിക്ക് കത്തുകള്‍ അയക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വന്‍ ജനപങ്കാളിത്തത്തോട് കൂടി നടത്തുന്ന ഈ പരിപാടിയില്‍ പ്രാദേശിക തലത്തില്‍ പോസ്റ്റ് ഓഫീസുകളില്‍ കത്തുകള്‍ അയച്ച് ഈ യജ്ഞത്തില്‍ പൊതുജനങ്ങള്‍ പങ്കാളികളാകണമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്‍റ് വി.വി പ്രകാശ് അധ്യക്ഷനായി.