മലപ്പുറം: മഹാദുരന്തങ്ങളുണ്ടായിട്ടും നിസ്സംഗതയില്‍ തുടരുന്ന ഭരണകൂടങ്ങള്‍ നാടിനെ പിറകോട്ടടിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മലപ്പുറം എംപിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി. പ്രളയദുരന്തത്തിന്‍റെ നഷ്‌ടപരിഹാരം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കവളപ്പാറയില്‍ നിന്നും മലപ്പുറം കലക്ടറേറ്റ് വരെ മുസ്ലിം ലീഗ് നടത്തുന്ന ലോങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയം കഴിഞ്ഞ് നൂറിലേറെ ദിനങ്ങൾ പിന്നിട്ടിട്ടും അടിയന്തര സഹായം പോലും നല്‍കാനാകാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ദുരിതബാധിതര്‍ക്ക് ആത്മവിശ്വാസം പകരുന്ന നടപടികളാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. എന്നാല്‍ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെടുത്തുന്ന നിസ്സംഗതയാണ് ഇപ്പോഴും ഇടത് സര്‍ക്കാര്‍ തുടരുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യത്ത് യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക ഭദ്രത ഓരോ ദിവസവും തകര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാരുകള്‍ ജനഹിതത്തിനനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി മുസ്ലിം ലീഗ് രംഗത്തിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈകിട്ട് മൂന്ന് മണിക്ക് ആരംഭിച്ച ലോങ് മാര്‍ച്ച് പോത്തുകല്ല് ബസ് സ്റ്റാന്‍ഡ് പരിസരത്ത് പൊതുസമ്മേളനത്തോടെ സമാപിച്ചു. മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി.അബ്ദുല്‍ വഹാബ് എം.പി.അധ്യക്ഷത വഹിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടിയില്‍ നിന്നും ജാഥാ ക്യാപ്റ്റന്‍ അഡ്വ.യു.എ.ലത്തീഫ് പതാക ഏറ്റുവാങ്ങി.