മലപ്പുറം: കൗൺസിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വെട്ടേറ്റു (Murder Case Accused Was Hacked In Manjeri). കൗൺസിലറായിരുന്ന അബ്‌ദുൽ ജലീൽ വധ കേസിലെ ഒന്നാം പ്രതി നെല്ലികുത്ത് സ്വദേശി ഷുഹൈബ് (29) എന്ന കൊച്ചുവിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 12:30ഓടെ നെല്ലിക്കുത്ത് സ്‌കൂളിന് സമീപത്ത് വച്ച് മദ്യപിക്കുന്നതിനിടെയാണ് ഷുഹൈബിന് വെട്ടേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത് മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2022 മാർച്ച് 28നാണ് മലപ്പുറം മഞ്ചേരി നഗരസഭ കൗൺസിലർ അബ്‌ദുൽ ജലീലിനെ ഷുഹൈബും സംഘവും ചേർന്ന് കൊലപ്പെടുത്തിയത്.
പയ്യനാട് താമരശ്ശേരിയിൽ വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കരിങ്കല്ല് ഉപയോഗിച്ച് പ്രതികൾ ജലീലിന്‍റെ തലക്കടിക്കുകയായിരുന്നു. കേസിൽ ഷുഹൈബ് ഉൾപ്പെടെ മൂന്ന് പ്രതികളാണുള്ളത്. ഈ കേസിൽ ജാമ്യത്തിലായിരിക്കെയാണ് ഷുഹൈബിന് വെട്ടേറ്റത്.