മലപ്പുറം: അവധി ദിനങ്ങളിലും പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം. നിയമം ലംഘിച്ച് നിരത്തിലിറങ്ങിയ 23 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തതായി അധകൃതര്‍ അറിയിച്ചു. എംവിഐ പികെ മുഹമ്മദ് ഷഫീഖിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
ഷോറൂമില്‍ നിന്ന് ഇറങ്ങുന്ന വാഹനങ്ങള്‍ കൂടുതലും ഫോര്‍ രജിസ്ട്രേഷന്‍ ബോര്‍ഡ് വച്ചാണ് സഞ്ചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഷോറൂമിൽ നിന്ന് പുറത്തിറങ്ങുന്ന വാഹനത്തിന് താൽക്കാലിക രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിച്ച് നൽകേണ്ടതും പുതിയ വാഹനങ്ങൾക്ക് സ്ഥിരം രജിസ്ട്രേഷൻ നമ്പർ എച്ച്എസ്ആർപി നൽകേണ്ടതും ഡീലർമാരുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
തിരൂരങ്ങാടി, മലപ്പുറം, പൊന്നാനി, നിലമ്പൂർ, പെരിന്തൽമണ്ണ, കൊണ്ടോട്ടി, തിരൂർ, മഞ്ചേരി തുടങ്ങി ജില്ലയിലെ വിവിധ അപകടമേഖലകൾ കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ കൂളിഗ് ഫിലിം പതിച്ച 74, ഹെൽമറ്റ് ധരിക്കാത്ത 182, നിർത്താതെ പോയ 15 വാഹനങ്ങൾ, നികുതി അടക്കാത്ത 21, രൂപമാറ്റം വരുത്തിയ 19 വാഹനങ്ങൾ, അമിതവേഗതയിൽ ഓടിയ എട്ട് വാഹനങ്ങൾ, ലൈസൻസ് ഇല്ലാത്ത 71, ഇൻഷുറൻസ് ഇല്ലാത്ത 121, മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചത് ഏഴ് തുടങ്ങി 439 കേസുകളിലായി 13 ലക്ഷത്തോളം രൂപ പിഴ ചുമത്തി. എൻഫോഴ്‌സ്മെന്‍റ് ആർടിഒ ടി ജി ഗോകുലിന്‍റെ നിർദേശപ്രകാരമാണ് നടപടി.