മലപ്പുറം: താനൂർ തെയ്യാലയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്‌സ് ഓട്ടോ ഇടിച്ച് വിദ്യാർഥിനി മരിച്ച സംഭവത്തിൽ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സ്‌ക്കൂൾ വാഹനത്തിലെയും ഗുഡ്‌സ് ഓട്ടോയിലെയും ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു. അപാകത കണ്ടെത്തിയ സ്‌കൂൾ വാഹനത്തിന്‍റെ ഫിറ്റ്‌നസ് റദ്ദാക്കി.
അപകടം സംഭവിച്ച സ്‌കൂൾ വാഹനത്തിന്‍റെ പാർക്ക് ബ്രേക്കും, വേഗപ്പൂട്ടും പ്രവർത്തനരഹിതവും ടയർ മോശം അവസ്ഥയിലുമായതിനാലാണ് വാഹനത്തിന്‍റെ ഫിറ്റ്നസ് റദ്ദാക്കിയത്. ബസിൽ ആയയെ നിയമിക്കാതെ സർവീസ് നടത്തിയ സ്‌കൂൾ അധികൃതർക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടികൾ സ്വീകരിക്കുന്നതിന് ജില്ല കലക്‌ടർക്ക് അപേക്ഷ നൽകുകയും ചെയ്‌തു.
ഇന്നലെ ഉച്ചയ്‌ക്കാണ് നന്നമ്പ്ര എസ് എൻ യു പി സ്‌കൂളിൽ അഞ്ചാം ക്ലസിൽ പഠിക്കുന്ന ഷഫ്‌ന ഷെറിൻ സ്‌കൂൾ ബസിൽ നിന്നും ഇറങ്ങി റോഡ് മുറിച്ച് കടക്കുന്ന സമയത്ത് എതിർ വശത്തു നിന്നും വന്ന ഗുഡ്‌സ് ഓട്ടോ ഇടിച്ച് മരണപ്പെട്ടത്. തിരൂരങ്ങാടി ജോയിന്‍റ് ആർടിഒ എംപി അബ്‌ദുൽ സുബൈറിന്‍റെ നിർദേശപ്രകാരം മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അപകട സ്ഥലവും വാഹനങ്ങളും സ്‌കൂളിലെത്തി മറ്റു സ്‌കൂൾ വാഹനങ്ങളും പരിശോധിച്ചു.
അശ്രദ്ധമായി സ്‌കൂൾ വാഹനം ഓടിച്ച ഡ്രൈവറുടെയും മുച്ചക്ര ചരക്ക് വാഹനം ഓടിച്ച ഡ്രൈവറുടെയും ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടിക്രമങ്ങൾക്ക് ശുപാർശ ചെയ്‌തു. സ്‌കൂളിന്‍റെ ഉടമസ്ഥതയിലുള്ള രണ്ട് സ്‌കൂൾ വാഹനങ്ങൾക്കും ടാക്‌സും ഇല്ലായിരുന്നു. ഇതേ തുടർന്ന് ഇരു വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു.
സുരക്ഷ ഉറപ്പാക്കിയിട്ടും അനാസ്ഥ: പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാര്‍ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് വേണ്ടി സ്‌കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്കും ആയമാർക്കും സ്‌കൂൾ വാഹനത്തിൻ്റെ ചുമതലയുള്ള അധ്യാപകർക്കും ബന്ധപ്പെട്ടവർക്കും മോട്ടോർ വാഹന ഉദ്യോഗസ്ഥർ നിരവധി തവണ ബോധവൽക്കരണ ക്ലാസുകളും മറ്റും സംഘടിപ്പിച്ചിരുന്നു. സ്‌കൂൾ അധികൃതർക്ക് സംസ്ഥാന ബാലാവകാശ കമ്മീഷന്‍റെ നിർദേശപ്രകാരമുള്ള നിർദേശങ്ങൾ വിദ്യഭ്യാസ വകുപ്പ് അധികാരികൾ മുഖേന അയച്ചുകൊടുക്കുകയും പ്രത്യേക യോഗങ്ങൾ വിളിച്ച് അവ വിശദീകരിക്കുകയും ചെയ്‌തിരുന്നു. കൂടാതെ സാമൂഹ്യ മാധ്യമങ്ങൾ വഴിയും സ്‌കൂൾ അധികൃതർക്കും ഡ്രൈവർമാർക്കും ക്ലാസുകളും നൽകി.
തിരൂരങ്ങാടി ഡിഇഒയുടെ നേതൃത്വത്തിലും, എഇഒയുടെ നേതൃത്വത്തിലും മോട്ടോർ വാഹന വകുപ്പ് ക്ലാസുകൾ സംഘടിപ്പിച്ചിക്കുകയും ഒക്‌ടോബർ മാസം മുതൽ ജില്ലയിൽ സുരക്ഷിതമല്ലാത്ത സ്‌കൂൾ വാഹനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്‌തിരുന്നു. നിരവധി വാഹനങ്ങളിൽ അപാകത കണ്ടെത്തിയതിനെ തുടർന്ന് നടപടികൾക്ക് പുറമെ ഉദ്യോഗസ്ഥർ വീണ്ടും ജില്ലയിലുടനീളം വ്യാപകമായി ബോധവൽക്കരണം നൽകുകയും ചെയ്‌തു.