മലപ്പുറം: പിഎസ്‌സി പരീക്ഷയില്‍ ഒരേ സമയം റാങ്ക് ലിസ്റ്റിൽ ഇടം നേടി അമ്മയും മകനും. അരീക്കോട് സൗത്ത് പുത്തലം സ്വദേശി ഒട്ടുപ്പാറ ബിന്ദുവും (42) മകൻ വിവേകുമാണ് (24) ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എൽ.ജി.എസ് റാങ്ക് ലിസ്‌റ്റിൽ മലപ്പുറം ജില്ലയിൽ നിന്ന് ബിന്ദുവിന് 92-ാം റാങ്കും, എൽ.ഡി.സിയിൽ മകൻ വിവേകിന് 38-ാം റാങ്കുമാണ് ലഭിച്ചത്. അരീക്കോട്ടെ പി.എസ്.സി കോച്ചിങ് സെന്‍ററിലെ ഉദ്യോഗാര്‍ഥികളാണ് ഇരുവരും.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ രണ്ട് തവണ എല്‍.ഡി.സിയും, എല്‍.ജി.എസ് പരീക്ഷയും എഴുതിയിട്ടുണ്ട്. ഇതിൽ അവസാനം എഴുതിയ എൽ.ജി.എസ് പരീക്ഷയുടെ റാങ്ക് പട്ടികയിലാണ് ഇവർ ഇടം നേടിയത്. കോച്ചിങ് സെന്‍ററില്‍ പോയിട്ടും ഒഴിവ് സമയങ്ങളിലുമെല്ലാം ഇവര്‍ പഠനത്തിനായി മാറ്റിവെക്കും.
സര്‍ക്കാര്‍ ജോലി സ്വന്തമാക്കുകയെന്ന സ്വപ്‌നമാണ് തന്നെ ഇതിലേക്ക് എത്തിച്ചതെന്നാണ് ബിന്ദു പറയുന്നത്. ഇതിന് പുറമെ ഐ.സി.ഡി.സി സൂപ്രണ്ട് പരീക്ഷയും എഴുതിയിട്ടുണ്ടെന്നും ഇതിലും റാങ്ക് നേടാന്‍ കഴിയുമെന്നാണ് ബിന്ദുവിന്‍റെ പ്രതീക്ഷ. കഴിഞ്ഞ പതിനൊന്ന് വർഷമായി അരീക്കോട് മാതക്കോട് അങ്കണവാടിയില്‍ ടീച്ചറായി ജോലി ചെയ്‌ത് വരികയാണ് ബിന്ദു. 2019-20 വർഷത്തെ മികച്ച അങ്കണവാടി ടീച്ചർക്കുള്ള സംസ്ഥാന അവാർഡും ബിന്ദുവിന് ലഭിച്ചിട്ടുണ്ട്.
അമ്മ ബിന്ദുവിനെ പോലെ തന്നെ സര്‍ക്കാര്‍ ജോലി തന്നെയായിരുന്നു മകന്‍ വിവേകിന്‍റെയും ലക്ഷ്യം. രണ്ടര വര്‍ഷത്തെ കഠിന പരശ്രമമാണ് വിവേകിനെ വിജയത്തില്‍ എത്തിച്ചത്. തന്‍റെ വിജയത്തിന് പിന്നില്‍ അമ്മയുടെ പ്രചോദനവും പ്രോത്സാഹനവുമാണെന്ന് വിവേക് പറഞ്ഞു. ആദ്യ പരിശ്രമത്തില്‍ തന്നെ റാങ്ക് നേടാനായതില്‍ വളരെയധികം സന്തോഷമുണ്ടെന്നും വിവേക് കൂട്ടിച്ചേര്‍ത്തു.
റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചപ്പോൾ രണ്ട് പേർക്കും പി.എസ്.സി ലിസ്റ്റിൽ ഇടം നേടാൻ കഴിഞ്ഞത് കുടുംബത്തിനും ഇരട്ടി മധുരമാണ് നൽകുന്നതെന്ന് ഇരുവരും പറഞ്ഞു. എടപ്പാൾ കെഎസ്‌ആർടിസി ഡിപ്പോയിലെ ജീവനക്കാരനായ ചന്ദ്രനാണ് ബിന്ദുവിന്‍റെ ഭർത്താവ്. ഹൃദ്യ എന്ന ഒരു മകൾ കൂടി ദമ്പതികൾക്കുണ്ട്.