മലപ്പുറം : കൊവിഡ് വ്യാപനത്തെ തുർന്ന് മലപ്പുറം ജില്ലയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. പൊന്നാനി താലൂക്കിനെ കണ്ടയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചതായി ജില്ലയുടെ ചുമതലയുളള മന്ത്രി കെ.ടി ജലീൽ അറിയിച്ചു. പ്രാരംഭഘട്ടത്തിൽ താലൂക്കിലെ 1500 പേർക്ക് കൊവിഡ് പരിശോധന നടത്താനും തീരുമാനമായി. ഇതിന് സ്വകാര്യ ആശുപത്രികളുടെ സഹായം തേടുമെന്നും മന്ത്രി അറിയിച്ചു.
വട്ടംകുളം, മാറഞ്ചേരി, എടപ്പാൾ, ആലങ്കോട്, കാലടി, വെളിയംകോട്, തവനുർ, പെരുപടപ്പ്, നന്നമുക്ക് പഞ്ചായത്തുകളും പൊന്നാനി നഗരസഭയും കണ്ടയ്ൻമെന്‍റ് മേഖലയാക്കാനാണ് ജില്ലാ ഭരണകൂടം ശുപാർശ ചെയ്തിരിക്കുന്നത്. എടപ്പാളിൽ ഡോക്ടർമാരടക്കം അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മലപ്പുറത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്. സമൂഹ വ്യാപനമറിയുന്നതിനായി നടത്തിയ സെന്‍റിനൽ സർവൈലൻസ് പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർ ജോലി ചെയ്തിരുന്ന ആശുപത്രിയിലേക്ക് രോഗികളും പൊതുജനങ്ങളും പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളുടെ സ്രവം പരിശോധനക്ക് അയച്ചു.