മലപ്പുറം: കൊവിഡ് 19 ന്‍റെ സുരക്ഷാ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് മലപ്പുറത്ത് നടക്കുന്ന കള്ള് ഷാപ്പ് ലേലത്തിനെതിരെ യുഡിവൈഎഫിന്‍റെ പ്രതിഷേധം. കൊവിഡ് 19 ന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം സുരക്ഷാക്രമീകരണങ്ങൾ തുടരുമ്പോൾ മലപ്പുറത്ത് സുരക്ഷാക്രമീകരണങ്ങൾ ഒന്നും പാലിക്കാതെയാണ് എക്സൈസ് വകുപ്പ് കള്ള് ഷാപ്പ് ലേലം നടത്തുന്നതെന്ന് ആരോപിച്ചാണ് യുഡിവൈഎഫ് പ്രവർത്തകർ പ്രതിഷേധിച്ചത്. ലേലം നടക്കുന്ന ഹാളിന് മുന്നിലായിരുന്നു പ്രതിഷേധം.
പ്രതിഷേധം ശക്തമായതോടെ പ്രവർത്തകർ ലേലം നടക്കുന്ന ഹാളിലേക്ക് അതിക്രമിച്ചു കയറി. ഇവരെ പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ ഹാളിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. സംഭവത്തിൽ 10 പ്രവർത്തകരെ വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധത്തെതുടർന്ന് ലേലം നിർത്തിവെക്കാൻ തീരുമാനമായി.