മലപ്പുറം : നാല് പതിറ്റാണ്ടുകളുടെ 'ഇരുള്‍ ജീവിത'ത്തിന് ശേഷം കാഴ്ചകളിലേക്ക് മിഴുതുറന്ന് മൊയ്‌തീൻകുട്ടി. കുട്ടിക്കാലത്ത് നഷ്‌ടമായ കാഴ്‌ച അറുപതാം വയസിൽ തിരികെ കിട്ടിയപ്പോൾ ആദ്യമായി മക്കളെയും കൂടെ താമസിക്കുന്ന കാഴ്‌ചയില്ലാത്ത സുഹൃത്തുക്കളെയും കാണാൻ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് അദ്ദേഹം.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ രണ്ടു ശസ്‌ത്രക്രിയയിലൂടെയാണ് കാഴ്ച വീണ്ടെടുത്തത്. അപ്പോഴും ഫെഡറേഷൻ ഓഫ് ദി ബ്ലൈന്‍ഡ്‌സ് എന്ന സ്ഥാപനത്തിലെ അന്തേവാസിയായ മൊയ്‌തീന് തന്‍റെ പ്രിയപ്പെട്ടവരെ പിരിയേണ്ടി വന്നതിന്‍റെ ആശങ്കയുണ്ട് ഉള്ളില്‍. കാഴ്‌ച കിട്ടിയതോടെ കിഴുപറമ്പിലെ അന്ധർക്കായുള്ള അഭയകേന്ദ്രത്തിൽ നിന്നും മടങ്ങണം.
ഏറെക്കാലം കൂടെ കഴിഞ്ഞവരിൽനിന്ന് മാറി മൊയ്തീൻകുട്ടി ഇനിമുതൽ കാളികാവ് അടയാക്കുണ്ട് ഹിമയിൽ കഴിയും. കാഴ്‌ച മങ്ങിത്തുടങ്ങിയ പന്ത്രണ്ടാം വയസിൽ മൊയ്തീൻകുട്ടി നാടുവിട്ടതാണ്.
വിവിധയിടങ്ങളിൽ സഞ്ചരിച്ച് ഒടുവിൽ പുത്തനത്താണിയിലെത്തിയ മോയ്‌തീൻ അവിടെ നിന്നും കല്യാണം കഴിച്ച് വാടകവീട്ടിൽ താമസമാക്കി. അദ്ദേഹത്തിന്‍റെ ഭാര്യ ജോലിചെയ്താണ് അദ്ദേഹത്തെയും മക്കളെയും പോറ്റിയിരുന്നത്.
ALSO READ: മുട്ടില്‍ വനംകൊള്ള: നിലമ്പൂരിലും പ്രത്യേക അന്വേഷണസംഘമെത്തി
എന്നാൽ ഒരു ദിവസം ജോലിക്ക് പോയ ഭാര്യ പിന്നീട് തിരികെ വന്നില്ല. തുടർന്ന് കാഴ്‌ചയില്ലാത്ത മോയ്‌തീനെ സാമൂഹ്യ പ്രവർത്തകരാണ് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്‍ഡ്‌സിന് കീഴിലുള്ള സ്ഥാപനത്തിലെത്തിച്ചത്.
വർഷങ്ങൾക്കിപ്പുറം കാഴ്‌ച തിരികെ കിട്ടിയപ്പോൾ ഇത്രയും കാലം അഭയം നൽകിയ സ്ഥാപനത്തെയും അവിടത്തെ സുഹൃത്തുക്കളെയും വിട്ടു പിരിയേണ്ട അവസ്ഥയാണ് മൊയ്‌തീൻകുട്ടിക്ക്. സാമൂഹികനീതി വകുപ്പ് ഇടപെട്ടാണ് ഇദ്ദേഹത്തെ കാളികാവ് അടയാക്കുണ്ടിലെ ശരണാലയമായ ഹിമയിലെത്തിച്ചത്.
കാഴ്‌ചയുള്ള മൊയ്‌തീൻകുട്ടിയെ അന്ധർക്കായുള്ള സ്ഥാപനത്തിൽ താമസിപ്പിക്കുന്നതിനുള്ള നിയമതടസമാണ് സ്ഥലംമാറ്റത്തിന് കാരണം. വ്യാഴാഴ്‌ച ഹിമയിൽ അദ്ദേഹത്തെ ജനറൽ സെക്രട്ടറി ഫരീദ് റഹ്‌മാനിയും അന്തേവാസികളും ചേർന്ന് സ്വീകരിച്ചു. കാഴ്‌ചയേകുന്ന പുതുവസന്തത്തോടൊപ്പം നവ സൗഹൃദലോകത്തോട് പൊരുത്തപ്പെടാൻ ശ്രമിക്കുകയുമാണ് മൊയ്‌തീൻകുട്ടി.