മലപ്പുറം: മുസ്ലീം ലീഗിന് സെൻട്രൽ ജയിലിൽ പ്രത്യേക സെൽ ഒരുക്കേണ്ടി വരുമെന്ന് മന്ത്രി കെ.ടി ജലീൽ. തന്നെ കുടുക്കാൻ ഇ.ഡിയെക്കൊണ്ട് അരിച്ച് പെറുക്കി അന്വേഷിച്ചിട്ട് എന്തായെന്നും ആയിരം വർഷം അന്വേഷിച്ചാലും തനിക്ക് എതിരെ ഒരു ആരോപണവും തെളിയിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്‍റെ കരങ്ങൾ സംശുദ്ധമാണ്. മുസ്ലീം ലീഗ് എം.എൽ.എ എം.സി ഖമറുദ്ദീൻ ഇപ്പോൾ സാമ്പത്തിക തട്ടിപ്പിന് ജയിലിലാണ്. മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് ചികിത്സയിൽ കഴിയുന്ന ആശുപത്രിമുറി ജയിലാക്കി മാറ്റിയിരിക്കുന്നു. കെ.എം.ഷാജി എം.എൽ.എ ഉടൻ ജയിലിലാകും. 90 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ റേഷനും 60 ലക്ഷത്തിലേറെ പേർക്ക് പെൻഷനും നൽകിയ സർക്കാരാണ് പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ളതെന്ന് ജനങ്ങൾക്ക് അറിയാം. അവർ എൽ.ഡി.എഫിന് വോട്ട് നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പിണറായി സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണ് യു.ഡി.എഫ് നടത്തുന്നതെന്നും മന്ത്രി കെ.ടി ജലീല്‍ ആരോപിച്ചു.