തിരുവനന്തപുരം: എൻഐഎ ചോദ്യം ചെയ്യലിന് ശേഷം പരസ്യപ്രതികരണത്തിന് തയ്യാറാകാതിരുന്ന മന്ത്രി കെടി ജലീല്‍ വീണ്ടും ഫേസ് ബുക്കില്‍. ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യമുണ്ടെന്നും ആരെയും ലവലേശം കൂസാതെ മുന്നോട്ട് പോകുമെന്നും മന്ത്രി ജലീല്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.
സിആർപിസി പ്രകാരം എൻഐഎ വിസ്‌തരിക്കാൻ വിളിച്ചതിനെ " തൂക്കിലേറ്റാൻ വിധിക്കുന്നതിന് മുൻപ് നിങ്ങൾക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിക്കാനെന്ന മട്ടിലാണ് ചിലർ പ്രചരിപ്പിച്ചത്, ഒരാളെയും കൂസാതെ സധൈര്യം എനിക്ക് മുന്നോട്ടു പോകാൻ കഴിയുന്നത് ഒളിച്ചുവെക്കാൻ ഒന്നുമില്ലാത്തതു കൊണ്ടുതന്നെയാണ്. ഏത് അന്വേഷണ ഏജൻസി കാര്യങ്ങൾ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ല. ഒരു വാഹനമോ ഒരു പവൻ സ്വർണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവർത്തകന് പടച്ച തമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാൻ, എന്‍റെ എതിരാളികൾക്ക് എന്നെ കൊല്ലാൻ കഴിഞ്ഞേക്കും, പക്ഷേ ഒരിക്കലും തോല്‍പ്പിക്കാൻ കഴിയില്ല എന്നാണ് ജലീല്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത്.
മാധ്യമങ്ങൾക്ക് നേരെയും മന്ത്രി വിമർശനം ഉന്നയിച്ചിട്ടുണ്ട്. അപായപ്പെടുത്താൻ നടക്കുന്ന കലാപകാരികൾക്ക് തന്‍റെ ചലനങ്ങളും താമസിക്കുന്ന ഇടവും തത്സമയം നൽകി മാധ്യമങ്ങൾ സഹായിക്കുന്നു എന്നാണ് ഫേസ്ബുക്ക് വിമർശനം.