മലപ്പുറം: വളാഞ്ചേരി ബസ്റ്റാന്‍റ് പരിസരത്ത് നിന്നും ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. വെങ്ങാട് സ്വദേശി മമ്മാറൻ വീട്ടിൽ ജലീലാണ് (29) കുറ്റിപ്പുറം എക്‌സൈസ് സംഘത്തിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ 500 ഗ്രാം കഞ്ചാവുമായി പിടിയിലായ യുവാക്കളെ എക്സൈസ് ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. എക്സൈസുകാർ പിന്തുടരുന്നത് മനസിലാക്കി കഞ്ചാവ് ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പൊലീസ് പിടികൂടിയത്.
മാസങ്ങൾക്ക് മുമ്പ് രണ്ടു കിലോ കഞ്ചാവുമായി ഇയാൾ ഗോപാലപുരം ചെക്ക് പോസ്റ്റിൽ വച്ച് പാലക്കാട് എക്സൈസിന്‍റെ പിടിയിലായിരുന്നു. ആന്ധ്രയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും കൊണ്ടുവരുന്ന കഞ്ചാവ് എറണാകുളം ഭാഗങ്ങളിലെ ചില്ലറ കഞ്ചാവ് വിൽപനക്കാർക്ക് എത്തിച്ച് കൊടുക്കാറാണ് പതിവ്. പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയിൽ അരലക്ഷം രൂപയോളം വിലവരുമെന്ന് എക്സൈസ് ഇൻസ്പെക്‌ടർ ജി.ജി പോൾ പറഞ്ഞു. പ്രതിയെ മഞ്ചേരി എൻ.ഡി.പി.എസ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.