മലപ്പുറം: കൊവിഡ് ബാധിതരായ ഗർഭിണികൾക്ക് വണ്ടൂരിൽ പ്രസവ സൗകര്യം ഒരുങ്ങുന്നു. ഇതിനായുള്ള സൗകര്യങ്ങൾ വിലയിരുത്തുന്നതിന് സ്റ്റേറ്റ് നോഡൽ ഓഫീസർ രാജമാണിക്യം ഐഎഎസ്, സബ് കലക്ടർ കെ എസ് അഞ്ജു എന്നിവർ വണ്ടൂർ താലൂക്കാശുപത്രി സന്ദർശിച്ചു.
നിലവിൽ കൊവിഡ് ബാധിതരായ ഗർഭിണികൾ പ്രസവത്തിനായി മഞ്ചേരി മെഡിക്കൽ കോളജിനെയാണ് ആശ്രയിക്കുന്നത്. ഇതാണ് നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ ജില്ലാ, താലൂക്ക് ആശുപത്രികളിലേക്ക് മാറ്റുന്നത്. നിലവിൽ വണ്ടൂരിൽ മൂന്ന് കോടിയോളം മുടക്കി ആധുനിക സൗകര്യങ്ങളുള്ള ഓപ്പറേഷൻ തീയറ്റടക്കം പ്രസവ വാർഡ് സജ്ജമാക്കിയിട്ടും ഡോക്ടർമാർ ഇല്ലാത്തത് പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.
ALSO READ: ലീഗിന്‍റെ കോട്ട തകർത്ത് പിണറായി മന്ത്രിസഭയിലേക്ക്, താനൂരിന്‍റെ വി അബ്‌ദുറഹിമാൻ
രാജമാണിക്യം ഐഎഎസിന്‍റെ നേതൃത്വത്തിലുള്ള സംഘം താലൂക്കാശുപത്രിയിലെ സൗകര്യങ്ങളിൽ തൃപ്തരാണെന്നും, മൂന്ന് ഗൈനക്കോളജിസ്റ്റിനേയും പത്ത് സ്റ്റാഫ് നേഴ്‌സുമാരെയും ഉടൻ നിയമിക്കുമെന്ന് അറിയിച്ചതായും ബ്ലോക്ക് വൈസ് പ്രസിഡന്‍റ് കെ കെ സാജിത പറഞ്ഞു. കൊവിഡ് കാലത്ത് താൽക്കാലികമായി നിയമിക്കുന്ന ഡോക്ടർമാരെ സ്ഥിരപ്പെടുത്താനാകും ബ്ലോക്ക് പഞ്ചായത്ത് ശ്രമിക്കുക എന്നും സാജിത കൂട്ടിച്ചേർത്തു.