മലപ്പുറം: മലപ്പുറം ജില്ലയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയെ പ്രത്യേക കൊവിഡ് ചികിത്സാകേന്ദ്രമാക്കി മാറ്റി. ഒരു വർഷത്തിന് ശേഷമാണ് ഇവിടെ വീണ്ടും കൊവിഡ് ചികിത്സാകേന്ദ്രമാക്കി മാറ്റുന്നത്.
ആശുപത്രിയിലെ പൊതു, സ്‌പെഷ്യൽ ഒ.പികൾ താൽക്കാലികമായി നിർത്തി. നിലവിലുള്ള 578 കിടക്കകൾ കൊവിഡ് ചികിത്സക്ക് മാത്രമായി നീക്കിവെച്ചു. 38 വെന്‍റിലേറ്റർ, 94 കിടക്കകളുള്ള തീവ്രപരിചരണ വിഭാഗം, 151 ഓക്‌സിജൻ ലഭ്യമാകുന്ന കിടക്കകൾ തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്. നെഗറ്റീവ് പ്രഷർ തിയേറ്റർ, ലാബ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ALSO READ: കൊവിഡ് വ്യാപനം; മലപ്പുറത്ത് നിയന്ത്രണം കടുപ്പിക്കേണ്ടി വരുമെന്ന് ജില്ല കലക്ടര്‍
നിലവിൽ കിടത്തി ചികിത്സയിലുള്ള മറ്റു രോഗികളെ വരും ദിവസങ്ങളിൽ ഡിസ്‌ചാർജ് ചെയ്‌ത് മറ്റു സർക്കാർ ആശുപത്രികളിലേക്കു മാറ്റും. അത്യാഹിത വിഭാഗം എല്ലാ രോഗികൾക്കുമായി പ്രവർത്തിക്കും. അർബുദരോഗ വിഭാഗത്തിന്‍റെ പ്രവർത്തനത്തിൽ മാറ്റമുണ്ടാകില്ല. ചികിത്സയിലുള്ള ഗർഭിണികൾക്ക് പ്രസവാനന്തര ചികിത്സക്ക് സൗകര്യമുണ്ടാകും. ആശുപത്രിയിലെ മുഴുവൻ ഡോക്ടർമാരെയും കൊവിഡ് ചികിത്സയുടെ ഭാഗമാക്കും. ആശുപത്രി ജീവനക്കാർക്ക് യാത്രയ്ക്കും താമസത്തിനും പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ കോളജിലെ സൈക്ക്യാട്രി വിഭാഗം ചെരണി ആശുപത്രിയിൽ പ്രവർത്തിക്കുമെന്നും ആശുപത്രി ആധികൃതർ അറിയിച്ചു.