വളാഞ്ചേരി: നാലു പതിറ്റാണ്ട് മുന്‍പ് നാടുവിട്ട വയോധികനെ ഒടുവിൽ ബന്ധുക്കൾക്ക് തിരികെ ലഭിച്ചു. കുറ്റിപ്പുറം പൊലീസിന്റെ ഇടപെടലിലാണ് പിറവം സ്വദേശിയെ കുടുംബത്തിന് തിരികെ ലഭിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു പൊലീസ് ഇയാളെ കുറ്റിപ്പുറത്ത് നിന്നും കണ്ടെത്തിയത്. 20 വയസുള്ളപ്പോഴാണ് പിറവം നെച്ചൂർ പെരുമാറ്റത്ത് വീട്ടിൽ ബാലന്റെ മകൻ കൃഷ്‌ണൻകുട്ടി നാട് വിട്ടത്. അക്കാലത്ത് ഒരുപാട് അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് ബുധനാഴ്ച കുറ്റിപ്പുറത്ത് പരിസമാപ്‌തിയായത്.
കഴിഞ്ഞ ദിവസം നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതിനിടെയാണ് കൃഷ്‌ണൻകുട്ടി പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. കുറ്റിപ്പുറം എസ്‌എച്ച്‌ഒയും സിഐ യുമായ പി വി രമേഷ്, എസ്‌ഐമാരായ അരവിന്ദൻ, ശ്രീനി എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൃഷ്‌ണൻകുട്ടിയുടെ പൂർണവിവരങ്ങൾ ലഭിച്ചത്. പിറവം നെച്ചൂർ സ്വദേശിയാണന്ന് അറിഞ്ഞതോടെ നെച്ചൂർ പഞ്ചായത്ത് അംഗം ഏലിയാസിനെ വിളിച്ച് വിവരങ്ങൾ കൈമാറുകയായിരുന്നു. സഹോദരന്റെ മക്കളായ തങ്കച്ചൻ, അനന്തു എന്നിവരെത്തിയാണ് കൃഷ്‌ണൻകുട്ടിയെ നാട്ടിലേക്ക് കൊണ്ടുപോയത്.