മലപ്പുറം: വഴിക്കടവ് വനത്തില്‍ കൊമ്പനാനയെ വെടിവെച്ചു കൊന്ന കേസിലെ പ്രതി 17 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റിലായി. മാനന്തവാടി എടവകയിലെ ജോബി എന്ന പുതുപ്പാനെയാണ് (46) വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ നിഷാല്‍ പുളിക്കലിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 2003 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം.
വഴിക്കടവ് റേഞ്ചിലെ പുഞ്ചക്കൊല്ലി വനത്തിലെ എടക്കുറ്റിയില്‍ വെച്ചാണ് ഇയാള്‍ കാട്ടാനയെ വെടിവെച്ച് കൊന്നത്. എന്നാല്‍ ആനയുടെ കൊമ്പുകള്‍ നഷ്‌ടപ്പെട്ടിരുന്നില്ല. തിരുവനന്തപുരത്തെ ഹെഡ് ക്വാര്‍ട്ടേഴ്സിലെ സുരക്ഷിത കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ് കൊമ്പുകള്‍. സംഭവത്തിന് ശേഷം നിരവധി തവണ പ്രതിയെ പിടികൂടാന്‍ വനപാലക സംഘം ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പലപ്പോഴും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. കൊമ്പനെ വെടിവെക്കാനുപയോഗിച്ച തോക്ക് അന്നുതന്നെ വനത്തില്‍ ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടതെന്ന് ഇയാള്‍ മൊഴി നല്‍കി. ഒരു മാസത്തോളമായി ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച വനപാലകര്‍ വ്യാഴാഴ്‌ച രാത്രിയോടെ വയനാട്ടിലേക്ക് പോകുകയും വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടില്‍ വെച്ച് പിടികൂടുകയുമായിരുന്നു. മഞ്ചേരി വനം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.