മലപ്പുറം: തിരൂരില്‍ നൈറ്റ് പട്രോളിങിനിടെ എസ് ഐയെ അക്രമിച്ചയാൾ അറസ്റ്റിൽ (Man arrested for attack on police at Tirur). മംഗലം കൊയപ്പയില്‍ വീട്ടില്‍ അജയനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. തൃപ്രങ്ങോട് ബീരാഞ്ചിറ ചേമ്പുംപടിയില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.
നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന എസ്ഐക്കും സിവില്‍ പൊലീസ് ഓഫിസര്‍ക്കും നേരെയാണ് പ്രതി അക്രമം നടത്തിയത്. അജയൻ എസ് ഐയുടെ കയ്യിൽ കടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട്.
സംഭവം ഇങ്ങനെ: നൈറ്റ് പട്രോളിങിലായിരുന്ന എസ് ഐയും സംഘവും ബീരാഞ്ചിറ
ചേമ്പുംപടിയില്‍ സംശയകരമായ നിലയില്‍ കാര്‍ കണ്ടതിനെ തുടർന്ന് സ്ഥലത്തെത്തിയിരുന്നു. മേഖലയില്‍ രാത്രി സമയങ്ങളിൽ മണല്‍കടത്ത് നടക്കുന്നത് കൂടി കണക്കിലെടുത്താണ് സംഘം സ്ഥലത്തെത്തിയിരുന്നത് എന്നാണ് വിവരം. കാറിനു സമീപമെത്തി പൊലീസ് പേരും വിലാസവും ചോദിച്ചതോടെ കാറിലുണ്ടായിരുന്ന അജയൻ അക്രമകാരിയായി മാറുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ഇതോടെ അജയനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ശ്രമിച്ചു. തുടർന്ന് ഇയാൾ എസ്ഐയെ മർദ്ദിക്കുകയും ഇടത് കയ്യിൽ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്‌തു. അക്രമം തടയാൻ ശ്രമിച്ച സിവില്‍ പൊലീസ് ഓഫിസര്‍ക്ക് നേരേയും ഇയാൾ അക്രമം നടത്തി.
തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. അറസ്റ്റിലാക്കിയ പ്രതിയെ കോടതിയില്‍ ഹാജരാക്കും.
സമാനസംഭവം കണ്ണൂരിലും: കഴിഞ്ഞ ഡിസംബർ 25നാണ് മദ്യലഹരിയില്‍ റോഡില്‍ പരാക്രമം കാട്ടിയ യുവതി വനിത എസ്‌ഐയെ മര്‍ദിച്ചത്. വടക്കുമ്പാട് കൂളി ബസാര്‍ സ്വദേശിനി റസീന (30) ആണ് എസ്‌ഐയെ മർദ്ദിച്ച കോസിൽ അറസ്റ്റിലായത്. കണ്ണൂർ തലശ്ശേരിയിലാണ് സംഭവം.
തലശ്ശേരി എസ്ഐ ദീപ്‌തിക്കാണ് മർദനമേറ്റത്. യുവതിയെ വൈദ്യപരിശോധനയ്‌ക്ക് കൊണ്ടുപോകുന്നതിനിടെയാണ് എസ്ഐയെ ആക്രമിച്ചത്. റസീന ഓടിച്ച വാഹനം മറ്റ് വാഹനങ്ങളില്‍ തട്ടിയിരുന്നു. ഇത് നാട്ടുകാര്‍ ചോദ്യം ചെയ്‌തതോടെ യുവതി നാട്ടുകാര്‍ക്ക് നേരെ തിരിഞ്ഞു.
റോഡില്‍ പരാക്രമം കാട്ടിയ യുവതി നാട്ടുകാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്‌തു. ഇതോടെ പൊലീസെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത യുവതിയെ തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോവുന്നതിനിടെയാണ് എസ് ഐയെ ആക്രമിയ്ക്കുന്നത്.
യുവതിയ്‌ക്കെതിരെ മുൻപും കേസുണ്ടായിരുന്നു. മാഹി പന്തക്കലില്‍ വച്ച് റസീന ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികൾക്കും മകനും പരിക്കേറ്റിരുന്നു
Also read: മദ്യ ലഹരിയില്‍ കാറോടിച്ച് പരാക്രമം; സ്‌കൂട്ടര്‍ ഇടിച്ചിട്ടു, യുവതിക്കെതിരെ കേസ്