മലപ്പുറം: രാജ്യസഭ എംപി പി.വി അബ്ദുല്‍ വഹാബിന്‍റെ നേതൃത്വത്തില്‍ കോളജ് വിദ്യാർഥികൾക്ക് വേണ്ടി നടപ്പാക്കുന്ന 'ഡിജി ഡ്രീംസ്' -സമഗ്ര ആരോഗ്യ വിദ്യാഭ്യാസ പദ്ധതിയില്‍ സഹായവുമായി നടൻ മമ്മൂട്ടി. രാവിലെ 11ന് മലപ്പുറം ചാലിയാര്‍ പഞ്ചായത്ത് കാര്യാലയത്തിന് സമീപം പാലച്ചുവടില്‍ ഓണ്‍ലൈന്‍ വഴി നടൻ മമ്മൂട്ടി പദ്ധതി ഉദ്ഘാടനം ചെയ്‌തു. പദ്ധതിയിലൂടെ നിര്‍ധനരായ 20 വിദ്യാർഥികൾക്ക് മമ്മൂട്ടി നല്‍കുന്ന സ്മാര്‍ട്ട് ഫോണുകള്‍ പി.വി അബ്ദുല്‍ വഹാബ് എംപി സമ്മാനിച്ചു. പി.കെ. ബഷീര്‍ എംഎല്‍എ അധ്യക്ഷനായി.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ അമല്‍ കോളജിലെ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത മുഴുവന്‍ വിദ്യാർഥികൾക്കും സ്മാര്‍ട്ട് ഫോണും, ഇന്‍റര്‍നെറ്റ് സൗകര്യവും ഒരുക്കും. ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍, കരിയര്‍ ഗൈഡന്‍സ്, കൗണ്‍സിലിങ്, അരോഗ്യ, സാംസ്‌കാരിക, ബോധവല്‍കരണ പരിപാടികള്‍ തുടങ്ങിയവയാണ് പദ്ധതിയിലൂടെ ഒരുക്കുന്നത്. കൂടാതെ മാതാപിതാക്കള്‍ക്കും ക്ലാസ് നല്‍കും. ലൈഫ് സ്‌കില്‍, സര്‍ക്കാര്‍ സേവനങ്ങളുടെ അറിയിപ്പുകള്‍ തുടങ്ങിയവ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അറിയിക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി നിലവില്‍ വിവിധ സംഘടനകള്‍ സ്‌കൂള്‍ തലം വരെയുള്ള വിദ്യാര്‍ഥികൾക്ക് ഫോണും ടി.വിയും സമ്മാനിക്കുന്നുണ്ടെങ്കിലും കോളജുകളില്‍ പഠിക്കുന്നവര്‍ക്ക് ഇവ ലഭിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പി.വി അബ്ദുല്‍ വഹാബ് എംപിയുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ സ്വപ്നമെന്ന പേരില്‍ ഡിജി ഡ്രീംസ് സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം കുറിച്ചത്.